സിനിമയുടെ പേരിൽ വ്യാജപ്രചാരണം: ആശാ ശരത്തിനെതിരെ പൊലീസിൽ പരാതി

By Web TeamFirst Published Jul 4, 2019, 5:31 PM IST
Highlights

പൊലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയതിനാണ് പരാതി. വയനാട് സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്.

ഇടുക്കി: സിനിമ പ്രമോഷന്‍റെ പേരിൽ വ്യാജപ്രചാരണം നടത്തിയെന്ന് സിനിമാതാരം ആശാ ശരത്തിനെതിരെ പരാതി. വയനാട് സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. പൊലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയതിനാണ്  പരാതി. ഇടുക്കി ജില്ല പൊലീസ് മേധാവിക്കാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. 

ആശാ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയായ 'എവിടെ'യുടെ പ്രമോഷന്‍റെ ഭാഗമായാണ് താരം ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നുമുള്ള അപേക്ഷയായിരുന്നു വീഡിയോയുടെ ഉള്ളടക്കം. 

കുറച്ചു ദിവസമായി ഭർത്താവിനെ കാണുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം എന്ന അഭ്യര്‍ഥനയുമായാണ് ആശാ ശരത്ത് രംഗത്ത് എത്തിയത്. 'എവിടെ' പ്രമോഷൻ വീഡിയോ എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. കെ കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. മനോജ് കെ ജയനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.

പരാതിയുടെ പൂർണ്ണരൂപം  

ബഹു. ഇടുക്കി ജില്ല പോലീസ് മേധാവി മുൻപാകെ സമപർപ്പിക്കുന്ന പരാതി

വിഷയം : പോലീസിന്റെ ഔദ്യോദിക കൃത്യ നിർവഹണത്തെ വഴിതെറ്റിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ചത്

സർ,

ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ ഇന്നലെ 03-07-2019 നു അവരുടെ വേരിഫൈഡ് ഫെയിസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റ് വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ ഭർത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താൻ ജനങ്ങൾ സഹായിക്കണമെന്നും, ഭർത്താവിനെ കണ്ടുകിട്ടുന്നവർ "കട്ടപ്പന" (ഇടുക്കി) പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.

തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ പ്രസ്തുത വാർത്തയും വീഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്‌തുത വീഡിയോക്ക് കീഴിൽ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാൽ അൽപ സമയത്തിന് ശേഷം വീഡിയോ ഒരു പരസ്യമാണെന്നും, അവർ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിർമ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.

എന്നാൽ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ വ്യാജ വാർത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്‌.

തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പോലീസ് സസ്റ്റേഷനിലേക്ക് വിവരങ്ങൾ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പറും, സ്ത്രീയുടെ ഭർത്താവിന്റെ ചിത്രവും വെച്ചുകൊണ്ട് നിരവധി അഭ്യർത്ഥനകൾ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ട്.

സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പോലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഏറ്റവും സെൻസിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോദിക വിവരങ്ങളും മുൻകൂർ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പോലീസിനെ misguide ചെയ്യുന്ന രീതിയിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യൻ പീനൽകോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ വകുപ്പുകളും, കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങൾക്ക് വിധേയമാണെന്നും, സ്റ്റേറ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓർഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു സുപ്രീംകോടതി വിവിധ കേസുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമൂഹത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പോലീസിന്റെ കൃത്യ നിർവഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നതിനാലും, സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പൊലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുൻനിർത്തിയാണ് ഈ പരാതി നൽകുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫെയിസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ
അഡ്വ ശ്രീജിത്ത് പെരുമന

Enclosures :-

1. പരാതിക്ക് കാരണമായ വീഡിയോയുടെ പകർപ്പ്

2. എതിർകക്ഷിയുടെ ഫെയിസ്ബുക്ക് പേജിന്റെ ലിങ്ക്

3. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ പോസ്റ്ററുകൾ.

വീഡിയോയില്‍ ആശാ ശരത് പറയുന്നത്

കുറച്ചു ദിവസമായി എന്‍റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം.

എപ്പോഴും എന്‍റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്‍റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർട്ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്‍റെ കുടുംബാംഗങ്ങളും.

എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.

 

click me!