പുത്തുമല ദുരന്ത ബാധിതരോട് അവഗണന: അടിയന്തര ധനസഹായം പോലും വിതരണം ചെയ്തില്ല

By Web TeamFirst Published Nov 18, 2019, 6:39 AM IST
Highlights

പതിനായിരം രൂപ കാത്തിരിക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങള്‍. പുത്തുമലയിലെയും ചൂരല്‍മലയിലെയും പ്രളബാധിതർ നിരാശയില്‍. സർക്കാർ വാഗ്ദാനങ്ങള്‍ നടപ്പായില്ല
 

പുത്തുമല: വയനാട് പുത്തുമലയിലെ ദുരന്തബാധിതരോട് അധികൃതരുടെ അവഗണന തുടരുന്നു. ദുരന്തംനടന്ന് നൂറുദിവസം പിന്നിട്ടിട്ടും അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും പലർക്കും ഇതുവരെ കിട്ടിയിട്ടില്ല. അധികൃതരോട് പരാതിപറഞ്ഞ് മടുത്തെന്ന് പ്രദേശവാസികള്‍ പറയുന്നു.

പുത്തുമല ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ് ഹരിദാസനും ഏശയ്യയും, ഇവരെപോലുള്ള നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന പാടികളും വീടുകളും താമസയോഗ്യമല്ലാതായിട്ട് 100 ദിവസം പിന്നിട്ടു, സർക്കാർ വാഗ്ദാനം ചെയ്ത അടിയന്തര ധനസഹായമായ 10,000 രൂപപോലും ഇതുവരെ ഇവിടെ പലർക്കും ലഭിച്ചിട്ടില്ല.

പുത്തുമലയില്‍മാത്രമല്ല, പ്രളയവും ഉരുള്‍പൊട്ടലും കനത്ത നാശംവിതച്ച സമീപത്തെ ചൂരല്‍മലയിലെ പ്രളയബാധിതരുടെ കാര്യവും വ്യത്യസ്തമല്ല.
സെപ്റ്റംബർ അവസാനം ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക് പ്രകാരം 7569 കുടുംബങ്ങള്‍ക്ക് ഇനിയും അടിയന്തര ധനസഹായം വിതരണം ചെയ്യാനുണ്ട്. ഇതില്‍ 3883 കുടുംബങ്ങള്‍ പുത്തുമലയും ചൂരല്‍മലയും ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലാണ്.

അതേസമയം ഒരാഴ്ചയ്ക്കകം ജില്ലയിലെ എല്ലാ പ്രളയബാധിതർക്കും അടിയന്തര ധനസഹായം വിതരണം ചെയ്യുമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്. പ്രളയബാധിതരുടെ വിവരങ്ങള്‍ ചേർക്കാനുള്ള സോഫ്റ്റ് വെയറിന്‍റെ തകരാറുകളും നടപടികള്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്.

പ്രളയം കഴിഞ്ഞ് മാസങ്ങള്‍പിന്നിട്ടിട്ടും അടിയന്തര ധനസഹായത്തിന്‍റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍, ദുരന്തബാധിതർക്ക് പുതിയവീടും ടൗൺഷിപ്പും നിർമിച്ചുനല്‍കുമെന്ന സർക്കാർ വാഗ്ദാനത്തിന്‍റെ അവസ്ഥയെന്താകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

click me!