ഫാത്തിമയുടെ മരണത്തില്‍ സുദര്‍ശന്‍ പത്മനാഭനെ ഇന്ന് ചോദ്യം ചെയ്തേക്കും; വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

By Web TeamFirst Published Nov 18, 2019, 5:37 AM IST
Highlights

ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് സരയൂ ഹോസ്റ്റിലുണ്ടായിരുന്ന വിദ്യാര്‍തഥികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ കമ്മീഷ്ണര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും. ക്യാമ്പസിലെത്തി അന്വേഷണ സംഘം വീണ്ടും തെളിവെടുക്കും. പ്രതിപക്ഷം വിഷയം ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിക്കും. ഫാത്തിമയുടെ സഹപാഠികളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ആരും ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല.

ഫാത്തിമയുടെ കുടുംബം ഉന്നയിച്ച സംശയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് സരയൂ ഹോസ്റ്റിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. വിദ്യാര്‍ഥികളുടെ സാംസ്കാരിക കൂട്ടായ്മകളില്‍ മുന്നിലുണ്ടായിരുന്ന അധ്യാപകന്‍ ഹേമചന്ദ്രന്‍റെ പേര് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളതിന്‍റെ ഞെട്ടലിലാണ് സഹപാഠികള്‍. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ കമ്മീഷ്ണര്‍ ഓഫീസിലേക്ക് വിളിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് വിവരം.

ഫാത്തിമയുടെ മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആഭ്യന്തര അന്വേഷണം ഐഐടി പ്രഖ്യാപിച്ചിട്ടില്ല. സംഭവത്തില്‍ സമഗ്ര പരിശോധന ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിരുന്നെങ്കിലും അധികൃതര്‍ പരിഗണിച്ചിട്ടില്ല. ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഒരു വിഭാഗം ഐഐടി വിദ്യാര്‍ത്ഥികള്‍ ഭാഗമായ സാംസ്കാരിക കൂട്ടായ്മയായ ചിന്താബാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്യാമ്പസിലെത്തി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം വിശദമായ പരിശോധന നടത്തിയിരുന്നു.

ഫാത്തിമയുടെ കുടുംബം  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ചെന്നൈയിലെത്തി തമിഴ്നാട് പൊലീസുമായി സംസാരിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. ഇതുവരെയുളള കേസന്വേഷണം തൃപ്തികരമാണെന്നാണ് കുടുംബത്തിന്റെ നിലപാട്. ഒരാഴ്ചക്കകം കുറ്റക്കാരെ പിടികൂടിയില്ലെങ്കില്‍ ഫാത്തിമയുടെ ലാപ്ടോപിലേതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് അച്ഛൻ ലത്തീഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

click me!