വയനാട് ടൗൺഷിപ് എൽസ്റ്റോൺ എസ്റ്റേറ്റിൽ; 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന് വീട്; 12 വർഷത്തേക്ക് കൈമാറാൻ പാടില്ല

Published : Feb 27, 2025, 05:46 PM ISTUpdated : Feb 27, 2025, 06:13 PM IST
വയനാട് ടൗൺഷിപ് എൽസ്റ്റോൺ എസ്റ്റേറ്റിൽ; 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന് വീട്; 12 വർഷത്തേക്ക് കൈമാറാൻ പാടില്ല

Synopsis

വയനാട്ടിലെ നിർദ്ദിഷ്ട ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടൊന്നിന് നിർമ്മാണ ചെലവ് 20 ലക്ഷം രൂപയായി സംസ്ഥാന സർക്കാർ കുറച്ചു

തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

മന്ത്രിസഭാ തീരുമാനം ഇങ്ങനെ

നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.

വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430 നുള്ളിലാണ്. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കുവാൻ ആഗ്രഹിക്കുന്ന ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങൾക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സാഹചര്യത്തിൽ പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമേ ഏറ്റെടുക്കൂ. ഗുണഭോക്താക്കൾക്ക് വീട് നൽകുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃക്രമീകരിക്കും.

വയനാട് മാതൃകാ ടൗൺഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അംഗീകരിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പൽ പ്രദേശത്താണ്. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതുമാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി (Mortgage) വായ്പ എടുക്കുന്നതിൻ്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളുന്നതാണ്.

ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിർദ്ദേശം നല്‍കും. 

സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപ

ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു.

വിമർശനവുമായി ടി സിദ്ദിഖ്

അതേസമയം സർക്കാർ നിശ്ചയിച്ച തുക കൂടുതലാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ധിഖ് രംഗത്ത് വന്നു. ഈ പണത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് ചോദിച്ച അദ്ദേഹം 15 ലക്ഷത്തിന് വീട് നിർമിക്കാനാവും എന്ന് പറഞ്ഞു. സർക്കാർ ആദ്യം വീട് നിർമ്മാണത്തിന് നിശ്ചയിച്ചത് 30 ലക്ഷം രൂപയാണ്. അത് പിന്നീട് 25 ലക്ഷമായി, ഇപ്പോൾ 20 ലക്ഷമാക്കുന്നു. ലക്ഷങ്ങൾ വച്ചാണ് ഓരോ സമയത്തും കുറയ്ക്കുന്നത്. കണക്കുകൾ തൃപ്തികരമല്ല. ഈ പണത്തിലെ സർക്കാർ താൽപര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിൻ ഹാർബറിൽ ബോട്ടിനുള്ളിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, ആശുപത്രിയിലേക്ക് മാറ്റി
നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തും, അടിയന്തര നടപടികൾ