വയനാട് എസ്പിയും ക്വാറന്റീനിൽ, ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 50 പൊലീസുകാർ

By Web TeamFirst Published May 14, 2020, 8:09 AM IST
Highlights

സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ എസ്പിയും ഉള്ളതിനെ തുടർന്നാണ് നടപടി. എന്നാൽ ഔദ്യോഗിക സമ്പർക്ക പട്ടിക തയാറായിട്ടില്ല

മാനന്തവാടി:  മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് എസ്പി ക്വാറന്റീനിലേക്ക് മാറി. സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ എസ്പിയും ഉള്ളതിനെ തുടർന്നാണ് നടപടി. എന്നാൽ ഔദ്യോഗിക സമ്പർക്ക പട്ടിക തയാറായിട്ടില്ല. മുൻകരുതലെന്നോണമാണ് നടപടി. ജില്ലയിൽ ജോലിയെടുത്ത 50  പൊലീസുകാരാണ് ആകെ ക്വാറന്റീനിലേക്ക് മാറിയത്. ഡിവൈഎസ്പിയുടെ അടക്കം സാമ്പിൾ ഫലം ഇന്ന് വരും.

പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവർത്തകനും മാത്രമാണ് സ്റ്റേഷനിൽ ഉണ്ടാവുക. ഒഴിവാക്കാനാകാത്ത നടപടികൾ തീർക്കാനാണ് ഈ സംവിധാനം. സ്റ്റേഷൻ സമ്പൂർണമായി അണുവിമുക്തമാക്കും. പരാതികൾ നൽകാൻ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയിൽ വഴിയും പരാതി നല്കാവുന്നതാണ്. അഡീഷണൽ എസ്പിക്ക് പ്ര‌ത്യേക ചുമതല നൽകിയിട്ടുണ്ട്. 

വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയർന്നു. ഇയാളില്‍ നിന്നും രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.  

click me!