
ബത്തേരി: ഷഹല ഷെറിന്‍റെ മരണത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് വിദഗ്ധര്‍. പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബ്ബലമാക്കുമെന്നാണ് വിലയിരുത്തല്‍.
രണ്ട് തവണ രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് 304 എ വകുപ്പ് അനുസരിച്ച് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് എഫ്ഐആര്‍. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. കുട്ടിയെ എത്തിച്ച രണ്ട് ആശുപത്രികളിലെയും രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചികിത്സയിലെ വീഴ്ചയടക്കം തെളിയിക്കാന്‍ ഇതൊന്നും മതിയാവില്ലെന്നാണ് പ്രമുഖക്രിമിനല്‍ അഭിഭാഷകരുടെ നിലപാട്.
മരണകാരണം തെളിയിക്കാന്‍ പോസ്റ്റ്മോര്‍ട്ടം ആവശ്യമാണ്. കോടതിക്ക് മുന്‍പാകെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രധാന തെളിവാകും. ഷഹലയുടെ മാതാപിതാക്കള്‍ അഭിഭാഷകരാണ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനവര്‍ക്ക് താല്പര്യമില്ല, ഇന്‍ക്വസ്റ്റോ പോസ്റ്റ്മോര്‍ട്ടമോ ആവശ്യമില്ലെന്ന് അവര്‍ ആശുപത്രിയിലും പൊലീസിലും രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം ഇനി നടത്തണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വേണമെന്നാണ് പൊലീസ് നിലപാട്. ഫലത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് ദുര്‍ബ്ബലമാകുമെന്ന ആശങ്ക ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam