
തിരുവനന്തപുരം: സ്ത്രീധന സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് വനിതാ ശിശുവികസന വകുപ്പ്. നവംബര്‍ 26- ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുമെന്നും സ്ത്രീധന സമ്പ്രദായം അഞ്ചു വര്‍ഷം കൊണ്ട് ഇല്ലാതാക്കാനുള്ള കഠിന പ്രയത്നത്തിലാണെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു. നടന്‍ ടൊവിനോ തോമസാണ് ബോധവത്കരണ പരിപാടികളുടെ ഗുഡ്‍വില്‍ അംബാസിഡര്‍. സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരെ പ്രചാരണം നടത്തുമെന്നും ഇതിന്‍റെ ഭാഗമായി ട്രോളുകളുടെ മത്സരം നടത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
അടുത്ത 5 വര്‍ഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള കഠിന പ്രയത്‌നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. സ്ത്രീയും പുരുഷനും രാജ്യത്തിലെ തുല്യ പൗരന്മാരാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്നുണ്ട്. അതിനാല്‍ തന്നെ യുവജനങ്ങളുടെ ഇടയില്‍ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തി നിയമം കര്‍ശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവംബര്‍ 26 ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈയൊരു യജ്ഞത്തിന്റെ ഗുഡ് വില്‍ അംബാസഡര്‍ പ്രശസ്ത സിനിമാതാരം ടൊവിനോ തോമസായിരിക്കും.
1961ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വരികയും സംസ്ഥാന സര്‍ക്കാര്‍ 1992ല്‍ ചട്ടങ്ങള്‍ രൂപീകരിക്കുകയും 2004ല്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചട്ടം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കില്‍ പോലും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. മാത്രമല്ല ഗുരുതരമായ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്കും സ്ത്രീധനം കാരണമാകാറുണ്ട്. കുടുംബ ഭദ്രതയുടെ ശിഥിലീകരണം, ഗാര്‍ഹിക പീഡനം, വിവാഹ മോചനം, ആത്മഹത്യകള്‍, വിവാഹം നടക്കാതിരിക്കല്‍ തുടങ്ങിയവയ്ക്കും കാരണമാകുന്നു. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്.
സ്ത്രീധന നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി നവംബര്‍ 26ന് പാലക്കാട് ജില്ലയില്‍ സംസ്ഥാന പരിപാടിയും മറ്റ് 13 ജില്ലകളില്‍ ജില്ലാതലത്തില്‍ ജില്ലാതല പരിപാടികളും സംഘടിപ്പിക്കുന്നു. പാലക്കാട് നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ സിനിമാതാരം ടൊവിനോ തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും.
സോഷ്യല്‍ മീഡിയയുടെ പിന്തുണയോടുകൂടി സ്ത്രീധനത്തിനെതിരെ വലിയ കാമ്പയിനും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മീം മത്സരവും (meme contest) സംഘടിപ്പിച്ചു വരുന്നു. മികച്ച ട്രോളുകള്‍ക്ക് പാലക്കാട് വച്ചു നടക്കുന്ന ചടങ്ങില്‍ ടൊവിനോ തോമസ് സമ്മാനം നല്‍കുന്നതാണ്. ഇതുവരെ 10 ലക്ഷത്തിലധികം പേരില്‍ ഈയൊരു സന്ദേശം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സംരംഭം വന്‍ വിജയമാക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam