റോഡിൽ വാഹനങ്ങളൊന്ന് മുട്ടിയാൽ പരസ്പരം കൊല്ലാൻ നിൽക്കരുത്; നമുക്കത്ര പരിചിതമല്ലാത്ത ആ ചോദ്യം ചോദിച്ച് തുടങ്ങാം

Published : Dec 19, 2023, 07:23 PM IST
റോഡിൽ വാഹനങ്ങളൊന്ന് മുട്ടിയാൽ പരസ്പരം കൊല്ലാൻ നിൽക്കരുത്; നമുക്കത്ര പരിചിതമല്ലാത്ത ആ ചോദ്യം ചോദിച്ച് തുടങ്ങാം

Synopsis

വാഹനത്തില്‍ നിന്നിറങ്ങി ഏറ്റുമുട്ടുന്നതിന് പകരം അപകടത്തില്‍ എന്തെങ്കിലും പരിക്ക് പറ്റിയോ എന്നായിരിക്കണം ആദ്യം പരസ്പരം അന്വേഷിക്കേണ്ടത്.

തിരുവനന്തപുരം: റോഡില്‍ എന്ത് കാരണങ്ങള്‍ കൊണ്ടായാലും അപകടങ്ങള്‍ സംഭവിച്ച ശേഷം പരസ്പര ബഹുമാനമില്ലാതെ നടത്തുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. നിയമപ്രകാരം തന്നെ റോഡിലുള്ള ഇത്തരത്തിലുള്ള പെരുമാറ്റം നിരോധിച്ചിട്ടുമുണ്ട്. പകരം എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ അതില്‍ ഉള്‍പ്പെട്ട മറ്റ് വാഹനങ്ങളില്‍ ഉള്ളവരോട് മാന്യമായി പെരുമാറണമെന്നും, അവര്‍ക്ക് ആ അപകടത്തില്‍ എന്തെങ്കിലും പരിക്ക് പറ്റിയോ എന്നായിരിക്കണം ആദ്യം അന്വേഷിക്കേണ്ടതെന്നും സോഷ്യല്‍ മീഡിയയിലൂടെ എംവിഡി ഓര്‍മിപ്പിക്കുന്നു.

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനങ്ങള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് പരസ്പരം മര്‍ദിച്ച രണ്ട് സംഘങ്ങള്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് വാഹനം ഓടിക്കുന്നവരും യാത്ര ചെയ്യുന്നവരും ശീലിക്കേണ്ട പ്രധാനപ്പെട്ട മര്യാദയെക്കുറിച്ച് എംവിഡി ഓര്‍മിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇക്കാര്യത്തില്‍ പലപ്പോഴും അനുകരണീയമായ മാതൃകകളല്ല മറിച്ച് അപരിഷ്കൃത രീതികളും കയ്യൂക്കും ആള്‍ബലം കാണിക്കലുമാണ് സംഭവിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ്ഗ തടസ്സമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺ നമ്പർ, ലൈസൻസിന്റെയും ഇൻഷുറൻസിന്റെയും  വിവരങ്ങൾ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. പരിക്കുകള്‍ കാരണം ആശുപത്രിയില്‍ പോകേണ്ടുന്ന സന്ദർഭങ്ങൾ ഒഴിച്ച്,  സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് ശ്രമിക്കാം. അതിന് കഴിയുന്നില്ലെങ്കിൽ പൊലീസ് എത്തി നടപടി സ്വീകരിക്കുന്നതുവരെ  സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണെന്ന് എംവിഡി ഓര്‍മിപ്പിക്കുന്നു



യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ...
റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം.  അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും  കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്.

റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്.അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും മറ്റേവാഹനത്തിലെ ഡ്രൈവറോടോ  യാത്രക്കാരോടൊ മോശമായി പെരുമാറുകയോ അപായപ്പെടുത്തിയേക്കാവുന്നതോ ആയ പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യരുത്.  അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ്ഗ തടസ്സമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺനംപർ, ലൈസൻസിന്റെയും ഇൻഷൂറൻസിന്റെയും  വിവരങ്ങൾ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. ഹോസ്പിറ്റലിൽ പോകേണ്ടുന്ന സന്ദർഭങ്ങൾ ഒഴിച്ച്  സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പോലീസ് എത്തി നടപടി സ്വീകരിക്കുന്നത്‌വരെ  സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണ്.

അപകടത്തിന് ശേഷം  ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ...?  എന്നതാവണം. സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം