
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ജയിക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാക്കിന്റെ വോട്ടുകൾ കുറഞ്ഞതിൽ പ്രതികരിക്കുകയായിരുന്നു ഇ എൻ സുരേഷ് ബാബു. ഞങ്ങൾ തോൽക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ. എൽഡിഎഫ് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ബിജെപി വരാതിരിക്കാനുള്ള ഒരു ജാഗ്രത പാലക്കാട് മണ്ഡലത്തിൽ എടുത്തു എന്ന് വേണം കരുതാനെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. പരാജയത്തെ വലിയൊരു തിരിച്ചടിയായാണ് കാണുന്നത്. ഏതെല്ലാം കാര്യങ്ങളിലാണ് തിരുത്തൽ വരുത്തേണ്ടതെന്ന് സംസ്ഥാന നേതൃത്വവുമായി ചർച്ചചെയ്യും. ഇത്ര വലിയ തരംഗത്തിലും പാലക്കാട് എൽഡിഎഫ് വോട്ടുകളിൽ ചോർച്ച ഉണ്ടായില്ല. കോങ്ങാട് മണ്ഡലത്തിൽ ബിജെപി യുഡിഎഫിനെ സഹായിച്ചു. കോങ്ങാട് ബിജെപി ബൂത്തുകളിൽ ഇരിക്കാൻ പ്രവർത്തകർ പോലും ഇല്ലാത്ത സാഹചര്യമുണ്ടായി. തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി അവിടെ രണ്ടു തവണ ജയിച്ചതാണ്.
തിരിച്ചുപിടിച്ച മണ്ഡലം ഇത്തവണ നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ. സിപിഎമ്മിന് നഷ്ടം എന്നുള്ളത് കോങ്ങാടും ചിറ്റൂരുമാണ്. ചിറ്റൂരിൽ അപരനാണ് തിരിച്ചടി ആയതെന്ന് സുരേഷ് ബാബു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി മുരുഗദാസിന്റ മോതിരം ചിഹ്നവും അപരന്റെ നെക്ലസ് ചിഹ്നവും തമ്മിലുള്ള സാമ്യം പ്രതിസന്ധിയായി. എൽഡിഎഫ് വോട്ടുകൾ അപരന്റെ നെക്ലസ് ചിഹ്നത്തിലേക്ക് പോയി. ഒറ്റപ്പാലത്ത് പ്രേംകുമാർ ചരിത്രഭൂരിപക്ഷം നേടി. കോൺഗ്രസുകാർ പോലും പി.കെ.ശശിക്ക് വോട്ട് ചെയ്തില്ല. സിപിഎമ്മിനെ ഒറ്റികൊടുത്തയാൾ ഐക്യ ജനാധിപത്യ മുന്നണിയിലും വഞ്ചകനായി മാറുമെന്ന ബോധ്യത്തിലാണ് അവർ വോട്ട് ചെയ്യാതിരുന്നത്. തോൽവിയിൽ പഠനം നടത്തി ജനപിന്തുണ നേടിയെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ഓരോ പ്രവർത്തകനും വ്യക്തിപരമായി എന്തൊക്കെ തിരുത്തലുകൾ നടത്തണമെന്ന് ആലോചിക്കും. എല്ലാ കാര്യങ്ങളും പരിശോധിക്കും.
അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ സംഘർഷത്തിലും സുരേഷ് ബാബു പ്രതികരിച്ചു. ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ പടക്കം എറിയുകയായിരുന്നു. ജയിച്ചതിൽ ആഹ്ലാദം ആവാം എന്നാൽ സിപിഎം ഓഫീസുകളെ ആക്രമിക്കുകയാണ് ചെയ്തത്. 7 സീറ്റുകളിൽ ജയിച്ച ഞങ്ങൾ ആഘോഷം എന്ന് പറഞ്ഞ് ഇതുപോലെ ഇറങ്ങിയാൽ യുഡിഎഫ് കാർക്ക് പുറത്തിറങ്ങാൻ ആകുമോ. ഓന്ത് നിറം മാറിയത് പോലെയാണ് പൊലീസുകാർ മാറിയത്. പാലക്കാട് ഡിവൈഎസ്പിയും നോർത്ത് സിഐയും യുഡിഎഫിന് ആക്രമണത്തിന് മൗനാനുവാദം നൽകി. കൊണ്ടും കൊടുത്തുമാണ് സിപിഎം ഇവിടെ വരെ എത്തിയത് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam