
രണ്ടാം വിവാഹം ഇന്നും സമൂഹത്തിൽ അംഗീകരിക്കാൻ കഴിയാത്തവരുണ്ട്. പ്രായം അൽപ്പം കൂടിയ ശേഷമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പരിഹാസവും കുത്തുവാക്കുകളും പറയുന്ന സദാചാരക്കാരെ പേടിച്ചാണ് പലരും മറ്റൊരു വിവാഹത്തെ കുറിച്ചു പോലും ചിന്തിക്കാത്തത്. എന്നാല്‍ കൊല്ലം മുണ്ടക്കൽ സ്വദേശികളായ ജയപ്രകാശും രശ്മിയും മറിച്ച് ചിന്തിക്കുന്നവരാണ്. വിവാഹത്തിന് പ്രായം ഒരു പ്രശ്നമല്ലെന്നും മക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടെങ്കിലും രണ്ടാം വിവാഹവും നോര്‍മലൈസ് ചെയ്യണമെന്നും ഉറക്കെ പറഞ്ഞുകൊണ്ടാണ് ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചത്.
ജയപ്രകാശിന് രണ്ട് ആൺമക്കളും രശ്മിക്ക് രണ്ടുപെൺകുട്ടികളുമാണുള്ളത്. അവരെല്ലാവരും അവരുടെ ജീവിതത്തിലേക്ക് കടന്നപ്പോൾ ഒറ്റയ്ക്കായത് രശ്മിയും ജയപ്രകാശുമായിരുന്നു. എന്നാൽ വിധി ഇരുവർക്കുമായി ഒരു പുതുജീവിതം ഒരുക്കി വച്ചിരുന്നു. 40 വർഷം മുമ്പ് ജയപ്രകാശിന്‍റെ മനസില്‍ മൊട്ടിട്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. 66കാരനായ ജയപ്രകാശ് 59കാരിയായ രശ്മിയെ താലി ചാര്‍ത്തിയ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രശ്മിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
40 വര്‍ഷത്തെ പ്രണയം?
40 വര്‍ഷം മുമ്പ് ജയപ്രകാശേട്ടന് തോന്നിയ ഇഷ്ടം എന്ന് പറയുന്നതാകും ശരി. കാരണം ഇങ്ങനെയൊരു ഇഷ്ടം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഞാന്‍ അറിയുന്നത്. കുട്ടിക്കാലത്ത് ഞങ്ങള്‍ അയൽവാസികളായിരുന്നു. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ഞാൻ ഒരു മാസം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിന് പോയിരുന്നു. അന്ന് അദ്ദേഹം അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ മനസില്‍ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ നേരിട്ട് അത് സംസാരിച്ചിട്ടില്ല. ഒരു കത്ത് തന്നിരുന്നു, അത് ഞാന്‍ കണ്ടതുമില്ല. അതുപോലും അടുത്തിടെയാണ് അറിയുന്നത്. അന്ന് എന്‍റെ അച്ഛന് കൊടുക്കാന്‍ ഒരു പുസ്തകം തന്നത് ഓര്‍മ്മയുണ്ട്. പക്ഷേ അതിനുള്ളില്‍ അദ്ദേഹം കത്ത് വച്ചിരുന്നു. ഞാന്‍ ബുക്ക് തുറന്നുപോലും നോക്കാതെ അച്ഛന്‍റെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു.
രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല
പിന്നീട് ഞങ്ങള്‍ രണ്ടുപേരും അവരവരുടെ ജീവിതം തുടങ്ങി, എന്നാൽ ആ ജീവിതത്തിൽ ഒരു ഘട്ടം എത്തിയപ്പോൾ ഞങ്ങള്‍ ഒറ്റക്കായി. പത്ത് വര്‍ഷം മുമ്പായിരുന്നു കുട്ടികളുടെ അച്ഛന്‍ മരിക്കുന്നത്. ക്യാന്‍സറായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും വൃക്ക സംബന്ധമായ അസുഖങ്ങള്‍ മൂലം അഞ്ച് വര്‍ഷം മുമ്പ് മരണപ്പെടുകയായിരുന്നു. ഞാൻ ഒറ്റയ്ക്ക് കൊല്ലത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. രണ്ടാം വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. മക്കള്‍ പണ്ട് മുതലേ പറയുമായിരുന്നു, അമ്മയ്ക്ക് ഇനി ഒരു കൂട്ട് വേണ്ടേ, അമ്മ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കേണ്ട എന്നൊക്കെ. എനിക്ക് താല്‍പര്യമില്ലായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് കൊച്ചിയിലേക്ക് മോളുടെ ഫ്ലാറ്റിനടുത്ത് മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറിയത്. മോള്‍ ജോലിക്ക് പോയിട്ട് വരുന്ന വരെ സ്കൂളില്‍ പോയി വരുന്ന പേരക്കുട്ടിയെ ഞാനാണ് നോക്കിയിരുന്നത്. 10 വയസ്സായി മോൾക്ക്. പിന്നെ ഞാന്‍ ഇടയ്ക്ക് ഒരു ഷോർട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു. അത് കണ്ടതിന് ശേഷമാണ് ജയപ്രകാശേട്ടന്‍ എന്നെ കുറിച്ച് വീണ്ടും അന്വേഷിച്ചത്.
'രശ്മിയെ പോലെ ഒരാളിനെയാണ് നോക്കുന്നത്'
ജയപ്രകാശേട്ടന്‍ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യമായി ഫോണില്‍ വിളിക്കുന്നത്. അങ്ങനെ നല്ല സുഹൃത്തുക്കളായി. ആ സമയത്ത് അദ്ദേഹം ഒരു പാർട്നറെ നോക്കുന്നുണ്ടായിരുന്നു. ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനും പറയാമെന്ന് പറഞ്ഞു. ഒരു ദിവസം ഞാന്‍ ചോദിച്ചു, എങ്ങനെയുള്ള ആളിനെയാണ് നോക്കുന്നത് എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു രശ്മിയെ പോലെ ഒരാളിനെയാണ് എനിക്ക് വേണ്ടതെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അതിനെക്കാള്‍ നല്ല ഒരാളിനെ തന്നെ കിട്ടുമെന്ന്.
ഒടുവില്‍ വിവാഹം
മക്കളോട് ഞാന്‍ എല്ലാം പറയുമായിരുന്നു. ജയപ്രകാശേട്ടന്‍ കത്തിന്‍റെ കാര്യം പറഞ്ഞതുമെല്ലാം പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം മക്കളെയും കൂട്ടി എന്‍റെ വീട്ടിലേക്ക് വരുകയും, കാര്യങ്ങള്‍ സംസാരിക്കുകയുമായിരുന്നു. അങ്ങനെ മക്കള്‍ മുന്‍കൈയെടുത്താണ് ഈ വിവാഹം നടന്നത്. ബന്ധുക്കളും സപ്പോർട്ട് ആയിരുന്നു. ഇത്രയും വൈകി എന്താണ് ഈ തീരുമാനം എടുത്തത് എന്നാണ് എല്ലാവരും പറഞ്ഞത്. അമ്പലത്തില്‍ വെച്ച് നടന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ ഇത്ര വൈറലാകുമെന്ന് കരുതിയില്ല.
നെഗറ്റീവ് കമന്റുകൾ
നെഗറ്റീവ് കമന്റുകൾ സത്യം പറഞ്ഞാൽ ഇവിടെ ആരും വായിക്കാറില്ല. പിന്നെ പലരും പറഞ്ഞാണ് നമ്മൾ അറിയുന്നത് ഇങ്ങനെ നെഗറ്റീവ് കമന്‍റുകള്‍ വരുന്നുണ്ട് എന്ന്. 40 വർഷത്തോളം പ്രണയിച്ചു നടന്നു, പാര്‍ട്ടിനറെ ചതിച്ചു എന്നൊക്കെ. അതുപോലെ മക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കാര്യത്തിലേക്ക് തള്ളിവിട്ടത് എന്നൊക്കെ കമന്‍റുകള്‍ വന്നുവെന്ന് കേട്ടു. അങ്ങനെ ഏതെങ്കിലും മക്കൾ ചെയ്യുമോ? എന്റെ മോൾക്ക് ഏറ്റവും കൂടുതൽ ഞാൻ ഉപകരിക്കുന്ന ഒരാളാണ്. അവളുടെ മകള്‍ മൂന്നര ആകുമ്പോ സ്കൂളിൽ നിന്ന് വന്നാൽ എന്റെ കൂടെയാണ് എട്ടര വരെ. ഞാനാണ് അവളെ നോക്കുന്നത്. അപ്പോള്‍ അങ്ങനെ ഒരു ചിന്ത മോൾക്കുണ്ടായിരുന്നെങ്കിൽ അവള്‍ ഇതിന് മുന്‍കൈ എടുക്കുമായിരുന്നോ? ആളുകൾ കാര്യങ്ങള്‍ അറിയാതെ സംസാരിക്കുന്നതാണ്. അതിനെ അവഗണിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
'ലൈംഗികത ഒരു ഘടകമല്ല'
വിവാഹത്തിന് അങ്ങനെ പ്രായം ഒരു പ്രശ്നമൊന്നുമല്ല. തായ്ലൻഡിലേക്ക് ഹണിമൂൺ ട്രിപ്പ് പോകുന്നുവെന്ന് പറഞ്ഞതിലും ഉണ്ടായിരുന്നു ഒരുപാട് നെഗറ്റീവ് കമന്‍റുകള്‍. നമ്മൾ ഈ പ്രായത്തിൽ മറ്റ് എന്തിനോ വേണ്ടിയാണ് വിവാഹം ചെയ്തത് എന്നാണ് പലരുടെയും ചിന്താഗതി. സെക്ഷ്വാലിറ്റി (ലൈംഗികത) ഒന്നും ഇതിലൊരു ഘടകമേ അല്ല. ആ ലൈഫ് ഒക്കെ കഴിഞ്ഞാണ് ഇവിടെയെത്തിയത്. നമുക്ക് എന്തും തുറന്നു പറയാനും നമുക്കൊരു സങ്കടം വന്നാലും സന്തോഷം വന്നാലും അത് ഷെയർ ചെയ്യാനും ഒരാള്‍. അതാണ് ഈ വിവാഹം കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇടുങ്ങിയ മനസുളളവരുടെ ചിന്താഗതിക്കൊന്നും ഞങ്ങളുടെയില്‍ മറുപടിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam