യുഡിഎഫുമായി സഖ്യമുറപ്പിച്ച് വെല്‍ഫയര്‍ പാര്‍ട്ടി; സിപിഎമ്മിന്‍റേത് മൃദുഹിന്ദുത്വമെന്ന് ഹമീദ് വാണിയമ്പലം

By Web TeamFirst Published Oct 20, 2020, 8:18 AM IST
Highlights

സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും. യുഡിഎഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.  

മലപ്പുറം: യുഡിഎഫ് സഖ്യത്തില്‍ നിലപാട് വ്യക്തമാക്കി വെല്‍ഫയര്‍ പാര്‍ട്ടി. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പേരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും. യുഡിഎഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.  

സിപിഎം   വെല്‍ഫയര്‍ പാര്‍ട്ടിയില്‍  തീവ്രവാദം ആരോപിക്കുന്നത് മൃദുഹിന്ദുത്വ നിലപാടുകൊണ്ടാണെന്നും  ഹമീദ് വാണിയമ്പലം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുമായാണ് ചര്‍ച്ച നത്തിയതും  ധാരണയുണ്ടാക്കിയതും. അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെകൂട്ടുന്നു, കൂടെ കൂട്ടിയവരെ തീവ്രവാദികളെന്ന് ആരോപിക്കുന്നു. ഇക്കാര്യത്തിലൊന്നും സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നവരല്ല സിപിഎം നേതാക്കളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. 

യുഡിഎഫുമായി ധാരണയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മുന്നണിയായും അല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും. യുഡിഎഫുമായുണ്ടാക്കിയ ഈ നീക്കുപോക്ക് തദ്ദേശഭരണ തെരെഞ്ഞെടുപ്പിലേക്ക് മാത്രമുള്ളതാണെന്നും നിയമസഭ തെരെഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി നിലപാട് എടുക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
 

click me!