മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് പണം തട്ടി; കണ്ണൂരിൽ സിപിഎം വനിതാ നേതാവിനെതിരെ പരാതി

Published : Jun 29, 2020, 08:43 AM ISTUpdated : Jun 29, 2020, 11:43 AM IST
മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് പണം തട്ടി; കണ്ണൂരിൽ സിപിഎം വനിതാ നേതാവിനെതിരെ പരാതി

Synopsis

വ്യാജരേഖ ചമയ്ക്കൽ ആൾമാറാട്ടം ധനാഹരണം എന്നിങ്ങനെ ഗുരുതര കുറ്റം ആരോപിക്കപ്പെട്ട സ്വപ്നയെ ബാങ്ക് സസ്പെന്റ് ചെയ്തെങ്കിലും കേസെടുക്കാൻ പൊലീസ് മടിക്കുകയാണ്.

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് സിപിഎം മഹിളാ നേതാവ് വാർധക്യ പെൻഷൻ തട്ടിയെടുത്തതായി പരാതി. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ്  മരിച്ച കൗസു തോട്ടത്താൻ്റെ ബന്ധുക്കൾ പരാതി നൽകിയത്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, ധനാപഹരണം എന്നിങ്ങനെ ഗുരുതര കുറ്റം ആരോപിക്കപ്പെട്ട സ്വപ്നയെ ബാങ്ക് സസ്പെന്റ് ചെയ്തെങ്കിലും കേസെടുക്കാൻ പൊലീസ് മടിക്കുകയാണ്.

തളർവാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താൻ കൗസു കഴിഞ്ഞ മാർച്ച് 9 നാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെൺമക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവർ മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്. കൗസുവിന്റെ മകളുടെ ഭർത്താവ് ക്യാൻസർ രോഗിയായ കടുമ്പേരി ഗോപി തന്റെ പെൻഷൻ വാങ്ങാൻ ഏപ്രിലിൽ അംഗൻവാടിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. 

കൗസു മരിച്ചതിനാൽ സർക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറൽ ബാങ്ക്  കളക്ഷൻ ഏജന്റ് സ്വപ്ന തട്ടിയെടുത്തു എന്നാണ് ഇവരുടെ പരാതി. പണം തങ്ങൾ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ സമ്മ‍ർദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു. അതേസമയം, നെൽകൃഷി പരിശോധിക്കാനാണ് പഞ്ചായത്ത് അംഗങ്ങൾ പോയത് എന്നാണ് സ്വപ്നയുടെ ഭർത്താവും പായം പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘം സ്വപ്നയുടെ വീട്ടിലെത്തിയെങ്കിലും അവർ ഒഴിഞ്ഞുമാറി. 

മന്ത്രി കെ കെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയിൽ പൊലീസ് എഫ്ഐആർ പോലും ഇടാത്തതെന്ന് കുടുംബം ആരോപിക്കുന്നു. സമാനമായ രീതിയിൽ ഇതേ വാർഡിലെ കുഞ്ഞിരാമൻ എന്നയാൾ മരിച്ചതിന് ശേഷവും വന്ന പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്. പായം പഞ്ചായത്തിൽ 5 കൊല്ലത്തിനിടെ മരിച്ച പെൻഷന് അർഹതപ്പെട്ടവരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നു. സിപിഎം ഇതുവരെ അച്ചടക്ക നടപടി എടുത്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്
തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം