
തൃശ്ശൂർ: വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശ്ശൂരിൽ പുത്തൂർ ആശാരിക്കോട് സ്വദേശി മരിച്ചതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മുമ്പും വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ച 80 ശതമാനം പേരിലും ലക്ഷണം ഉണ്ടാകാറില്ല. മരിച്ചയാളുടെ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം തുടങ്ങിയതായും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് കെ.രാജൻ
മരിച്ച ജോബിയുടെ വീട്ടുകാർക്കോ നാട്ടുകാർക്കോ രോഗമില്ലെന്ന് മന്ത്രി കെ.രാജൻ തൃശ്ശൂരിൽ പറഞ്ഞു. ജോബിയെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മരണകാരണം സ്വകാര്യ ആശുപത്രിക്കുണ്ടായ വീഴ്ചയെന്ന് കുടുംബം
തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയിൽ രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാസത്തിനടുത്ത് നീണ്ട ചികിത്സക്ക് ശേഷവും രോഗം കണ്ടെത്താനായില്ല. 2 ദിവസം മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എട്ടര ലക്ഷം രൂപ ചികിത്സക്കായി ഈടാക്കിയ സ്വകാര്യ ആശുപത്രിയാണ് ജോബിയുടെ മരണത്തിന് കാരണക്കാരെന്ന് സഹോദരൻ ജിമ്മി ആരോപിച്ചു. 27 ദിവസം വെന്റിലേറ്ററിൽ കിടത്തിയിട്ടും രോഗം കണ്ടെത്താനായില്ലെന്നും കുടുംബം ആരോപിച്ചു.
ഡ്രൈ ഡേയുമായി ആരോഗ്യ വകുപ്പ്
ജോബിയുടെ മരണത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലുകൾ ഊർജിതമാക്കി ആരോഗ്യവകുപ്പ് രംഗത്തെത്തി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മരിച്ച ജോബിയിൽ നിന്ന് നിലവിൽ മറ്റാരിലേക്കും രോഗം പകർന്നിട്ടില്ല. കൂടുതൽ പേരെ പരിശോധിക്കുന്നുണ്ട്.
എന്താണ് വെസ്റ്റ് നൈൽ പനി?
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഈ രോഗം പിടിപെട്ട പക്ഷികളിൽ നിന്നു കൊതുകിലേക്കും കൊതുകിൽ നിന്ന് മനുഷ്യരിലേക്കും പകരും.
കൊതുക് കടിയേൽക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഈ രോഗത്തിനു പ്രതിരോധ വാക്സിനില്ല. കൊതുകു കടിയേൽക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി. പിടിപെട്ടു കഴിഞ്ഞാൽ സാധാരണ വൈറൽപ്പനി മാറുന്നതുപോലെ ഭേദമാകും. ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങളോളം വേണ്ടിവരും. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.
20 ശതമാനത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. കഴിഞ്ഞാഴ്ച കോഴിക്കോട് ഒരു പെണ്‍കുട്ടിക്ക് വെസ്റ്റ്‌നൈല്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ശ്രദ്ധിക്കേണ്ടത്
* രോഗം മൂർച്ഛിക്കുന്നത് 150ൽ ഒരാൾക്ക് മാത്രം
* ഗുരുതരാവസ്ഥയിൽ എത്തുന്നവരിൽ 10 ശതമാനം പേർക്ക് മരണം വരെ സംഭവിക്കാം
പകരുന്ന വിധം
* പക്ഷികളാണ് വൈറസ് വാഹകർ
* രോഗം പടർത്തുന്നത് ക്യൂലെക്സ് കൊതുകുകൾ
* മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ല
ലക്ഷണങ്ങൾ
* തലവേദന, പനി, പേശിവേദന, ദേഹത്ത് തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ, അപസ്മാരം
* ബഹുഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.
* ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാവും
* ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം
ചികിത്സ
* പ്രത്യേക വാക്‌സീൻ ലഭ്യമല്ല
* ഫലപ്രദമായ ചികിത്സയുണ്ട്
* ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam