'പാവങ്ങളുടെ അന്നം മുടക്കുന്നതിൽ സർക്കാരിന് എന്ത് നേട്ടം? സംസ്ഥാനത്തെ നിലവിലെ ആരോഗ്യസ്ഥിതി ഗുരുതരം', വിമർശനവുമായി പിണറായി വിജയൻ

Published : Jul 19, 2026, 07:34 PM IST
dyfi pothichor

Synopsis

സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണം തടയാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ജനകീയ പദ്ധതിയെ തകർക്കുന്നത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്നും, ആരോഗ്യമേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന പൊതിച്ചോർ വിതരണം മുടക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ, നിലവിലുള്ള ആശ്വാസങ്ങൾ കൂടി ഇല്ലാതാക്കുന്നത് അങ്ങേയറ്റം വിചിത്രവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കക്ഷിരാഷ്ട്രീയ ഭേദമന്യേ, സാധാരണക്കാരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമേകുന്ന ഒരു മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇതെന്നും, അതിൽ സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലർത്താൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതിച്ചോർ വിതരണത്തിന് കൃത്യമായ ബദൽ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് മുൻപ്, ഇത്രയും തിരക്കുപിടിച്ച് ഇത് നിരോധിക്കുന്നത് വഴി എന്ത് നേട്ടമാണ് യുഡിഎഫ് സർക്കാരും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു.

ജാതിമത ചിന്തകൾക്കും രാഷ്ട്രീയ വ്യത്യാസങ്ങൾക്കും അതീതമായി സർവ്വരെയും പങ്കാളികളാക്കിക്കൊണ്ട് ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു ജനകീയ പദ്ധതിയെ തകർക്കാനാണ് തിടുക്കം കൂട്ടുന്നത്. വിശക്കുന്നവന് ആഹാരം നൽകുക എന്നത് അടിസ്ഥാനപരമായ മനുഷ്യത്വമാണെന്നും, അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിനുണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖല ഈ അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള കടുത്ത കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോകുന്നത്.

ഈ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ കണ്ണടച്ചുകൊണ്ടാണ് മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്ന തീരുമാനത്തിന് സർക്കാർ മുൻഗണന നൽകുന്നത്. സംസ്ഥാനത്തെ നിലവിലെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഈ ഘട്ടത്തിലും ഡോക്ടർമാരുടെ നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോകുകയും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്യുകയാണ്.

സർക്കാരിന്‍റെ പ്രതിബദ്ധത ആരോടാണ്?

ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ നിലവാരവും മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ്, ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ തടയാൻ തിടുക്കം കൂട്ടുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പിണറായി വിജയൻ വിമർശിച്ചു. രാഷ്ട്രീയ വൈരമല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമമാണ് ഒരു സർക്കാരിനെ നയിക്കേണ്ടത്. ജനങ്ങളോടും അവരുടെ ആവശ്യങ്ങളോടും പ്രതിബദ്ധത പുലർത്തുന്നതിന് പകരം, ഇത്തരം സങ്കുചിത നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വരാജിന്‍റെ വാദം തള്ളി 'കള്ളൻ വിജയൻ'; 'ദേശാഭിമാനി ലേഖനം തയ്യാറാക്കിയിരുന്നു, ഫോട്ടോ അടക്കം വാങ്ങി'
ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും കൈക്കലാക്കി; യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്