
തിരുവനന്തപുരം: രോഗം മാറ്റാൻ കഴിക്കുന്ന മരുന്ന് രോഗം മാറ്റാതിരുന്നാലോ ?, രോഗാവസ്ഥ വഷളാക്കിയാലോ ? മരുന്നിന് ഗുണനിലവാരം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയും? കേരളം ഈ ചോദ്യം ഇങ്ങനെ ചോദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ ഇപ്പോഴും ഉത്തരമിപ്പോഴും അകലെയാണ്. വെറും അകലമല്ല ഓടി അടുക്കാനാകാത്ത വിധം അകലം.
സർക്കാർ ആശുപത്രികളിൽ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾ സർക്കാർ ഡോക്ടർമാർ പോലും കുറിപ്പടിയിൽ എഴുതാത്തതെന്തെന്ന് ചോദിച്ചിട്ടുണ്ടോ ? ഒരൊറ്റ ഉത്തരമാകും ഡോക്ടർമാർക്ക്. രാസഘടകങ്ങൾ പേരിനുപോലുമില്ലാത്ത ചാത്തൻ മരുന്നുകൾ എങ്ങനെയാണ് രോഗിക്ക് കൊടുത്ത് രോഗം കുറയ്ക്കുക എന്ന്. എഴുതി കൊടുക്കുന്ന മരുന്ന് ആശുപത്രിയിൽ നിന്ന് സൗജന്യമായി വാങ്ങിക്കൊണ്ടുപോയി കഴിച്ചിട്ടും രോഗശമനമില്ലാതെ അടുത്ത ആഴ്ച വീണ്ടും എത്തുന്ന രോഗികളെ കണ്ട് മടുത്തെന്നും ഡോക്ടർമാർ പറയും. ഇനി ആർത്തി കൊണ്ട് മരുന്ന് കമ്പനികളുടെ കമ്മീഷൻ കിട്ടാൻ വേണ്ടി മനഃപൂർവം ബ്രാൻഡഡ് മരുന്നുകൾ പുറത്തേക്കെഴുതുന്നവരാണ് ഈ ഡോക്ടർമാരെങ്കിൽ അവരെ പിടികൂടണം. മാത്രവുമല്ല അവർ ഉന്നയിക്കുന്ന, ഗുണനിലവാരം ഇല്ലെന്ന ആരോപണത്തിന് ശാസ്ത്രീയമായി തന്നെ മറുപടി നൽകണം സർക്കാർ. ആ മരുന്നുകൾ പരിശോധിച്ച് ഗുണനിലാരം ഉണ്ടെന്ന് ഡോക്ടർമാരെ ബോധ്യപ്പെടുത്തണം ആരോഗ്യ വകുപ്പ്.
കേന്ദ്ര സർക്കാരിന്‍റെ തന്നെ കണക്കുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്നത് മലയാളി ആണെന്ന്. കേരളത്തിലെ ഒരു വർഷം ഒരാൾ ശരാശരി 2576 രൂപയുടെ മരുന്ന് കഴിക്കുന്നുണ്ട്. 65000ത്തിലധികം ബ്രാൻഡുകളിലായി മൂന്ന് ലക്ഷത്തിലധികം ബാച്ച് മരുന്നുകൾ ഒരു വർഷം കേരളത്തിൽ വിറ്റഴിക്കുന്നുണ്ട്. ഡോക്ടർമാർ എഴുതി കൊടുക്കുന്ന മരുന്നിന് പുറമേ ഓവർ ദ കൌണ്ടർ വിൽപന , അതായത് മെഡിക്കൽ സ്റ്റോറിൽ നേരിട്ട് പോയി ഒരു കുറിപ്പടിയും ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നവർ, അല്ലെങ്കിൽ രോഗം പറയുമ്പോൾ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാർ തന്നെ മരുന്ന് നൽകുന്ന ഏർപ്പാട്. 11 ശതമാനത്തിലധികം പേർ ഇങ്ങനെ മരുന്ന് വാങ്ങി കഴിക്കുന്നവരെന്നാണ് കണക്കുകൾ പറയുന്നത്. ഇങ്ങനെ ഒക്കെ മരുന്ന് കഴിച്ചുകൊണ്ടേ ഇരിക്കുന്ന മലയാളിക്ക് അറിയോ നിങ്ങൾ കഴിക്കുന്ന മരുന്ന് ഗുണനിലവാരം ഉള്ളതാണോ ഇല്ലാത്തതാണോ എന്ന്. ഇല്ല , ഒരിക്കലും അറിയില്ലെന്ന് പറഞ്ഞാലും അതിശയോക്തി തീരെ ഇല്ല
കേരളത്തിലെ മരുന്ന് ഗുണനിലവാര പരിശോധനയെ കുറിച്ച് അറിഞ്ഞാൽ മലയാളി ഞെട്ടും
മൂന്ന് ലക്ഷത്തിലധികം ബാച്ച് മരുന്നുകൾ വിൽക്കുന്ന കേരളത്തിൽ ഒരു വർഷം ആകെ പരിശോധിക്കുന്നത് വെറും 10000 സാംപിൾ മരുന്ന് മാത്രം. സർക്കാർ മേഖലയിലെ മരുന്നും പൊതു വിപണിയിലെ മരുന്നും കൂടി ചേർത്താണ് ഈ കണക്ക്. ഇനി പരിശോധനക്ക് എടുത്താലോ... കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കാതെ ഒരു സാംപിളിന്‍റെ പോലും ഫലം കിട്ടില്ല. അതായത് ഏതേലും ഒക്കെ ബാച്ച് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി പരിശോധന ഫലം വന്ന് കഴിയുമ്പോഴേക്കും രോഗി അത് കഴിച്ച് കഴിഞ്ഞിരിക്കും. ഡ്രഗ്സ് കൺട്രോളർ വകുപ്പിൽ നിന്ന് ഗുണനിലവാരമില്ലെന്ന അറിയിച്ച് ആരോഗ്യവകുപ്പിലെത്തി അവിടെ നിന്ന് അത് മെഡിക്കൽ സർവീസസ് കോർപറേഷനിലേക്കും ആശുപത്രികളിലേക്കും മരുന്ന് കമ്പനികളിലേക്കും ഒക്കെ എത്താനും ദിവസങ്ങളെടുക്കും. ഗുണനിലവാരമില്ലാത്ത മരുന്ന് തിരച്ചെടുക്കാൻ നൽകുന്ന നിർദേശം വെറുതേ ഒരു പേപ്പറായി, മെയിലായി അവശേഷിക്കും.
മെയ് മാസത്തിൽ പരിശോധനക്ക് എടുത്ത പാരസെറ്റമോൾ, അസ്പിരിൻ, അമോക്സിലിൻ, ലിവോഫ്ലോക്സാസിൻ അങ്ങനെ ചില മരുന്നുകൾ ഡ്രഗ്സ് കൺട്രോളർ വകുപ്പ് പരിശോധനക്ക് എടുത്തിരുന്നു. ഫലം വന്നത് ഇക്കഴിഞ്ഞ 8ാം തിയതി. അത് എല്ലായിടത്തും അറിയിച്ചു വന്നപ്പോഴേക്കും തിരിച്ചെടുക്കാൻ ഒരു ഗുളിക പോലും ശേഷിച്ചില്ലെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. അന്ന് പരിശോധിക്കാൻ എടുത്ത മരുന്നുകളിലേറെയും കേരള സർക്കാർ സ്ഥാപനം ആയ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസിലെ ആയിരുന്നു. അതും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയപ്പോഴേക്കും തിരിച്ചുവിളിക്കാൻ മരുന്നില്ലാതെ രോഗികൾ കഴിച്ചു തീർത്തിരുന്നുവത്രെ. കേരളത്തിൽ സർക്കാർ തലത്തിൽ നിർമിക്കുന്ന മരുന്നുകൾക്കുപോലും ഗുണനിലവാരം ഇല്ലെങ്കിൽ അവിടെ തിരുത്തൽ വരുത്തണ്ടേയെന്ന വലിയ ചോദ്യം മറ്റൊരു വശത്ത് ഉയരുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രികളിൽ ഉൾപ്പെടെ ആന്‍റി ബയോട്ടിക് കുത്തിവയ്പ് മരുന്നുകളിൽ പൂപ്പലും അഴുക്കും കണ്ടെത്തിയ സംഭവങ്ങളുണ്ട്. അങ്ങനെ പരാതി വന്നാൽ പോലും പരിശോധന കാര്യക്ഷമമല്ല.
കേരളത്തിലെ സംവിധാനങ്ങളിലെ പോരായ്മ
ഇത്ര അധികം മരുന്ന് വിൽപനയും ഉപഭോഗവും നടക്കുന്ന കേരളത്തിൽ മരുന്ന് പരിശോധന നടക്കുന്നത് മൂന്ന് ലാബുകളിൽ മാത്രം. തിരുവനന്തപുരത്തെ ഡ്രഗ്സ് ടെസ്റ്റിങ് ലാബിലും കാക്കനാട്ടെ ഡ്രഗ്സ് ടെസ്റ്റിങ് ലാബിലും തൃശൂരിലും. തിരുവനന്തപുരത്ത് 6000 സാംപിൾ വരെ പരിശോധിക്കാനാകും. കൊച്ചിയിലാകട്ടെ പരമാവധി 3000 വരെ സാംപിളും തൃശൂരിൽ പരമാവധി 1000 വരെ സാംപിളും പരിശോധിക്കാനാകും. മരുന്ന് പരിശോധന കാര്യക്ഷമമല്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് കോന്നിയിൽ ലാബ് തുടങ്ങി. എന്നാൽ അംഗീകാരം ആയി വ്യാഴാഴ്ച പ്രവർത്തനം തുടങ്ങുന്നേ ഉള്ളു. അപ്പോഴും ജീവനക്കാരെ കിട്ടിയിട്ടില്ല. അതായത് പേരിനു വേണ്ടി ലാബ് ഉണ്ടാകും. ജീവനക്കാരും പരിശോധനുമൊക്കെ പി ആർ റിലീസിലൊതുങ്ങും. തൃശൂരിലെ ലാബ് തുടങ്ങി വർഷം പിന്നിട്ടിട്ടും ആവശ്യത്തിന് ജീവനക്കാരെ നൽകിയിട്ടില്ല. പൂർണതോതിൽ പ്രവർത്തിക്കണമെങ്കിൽ ഇനിയും 40 പേരെയെങ്കിലും നിയമിക്കണം. മരുന്ന് പരിശോധിക്കേണ്ട അനലിസ്റ്റ് പോലും ഇല്ലെന്ന് കേൾക്കുമ്പോഴാണ് പേരിലൊതുങ്ങുന്ന മരുന്ന് പരിശോധനയുടെ വീഴ്ചകൾ വ്യക്തമാകുന്നത്. മൂന്ന് കൊല്ലം ആയി അനലിസ്റ്റിനെ നിയമിക്കാൻ കത്ത് പോകുന്നുണ്ട് , ആരോഗ്യവകുപ്പിലേക്ക്. ഇപ്പോഴാണ് അനലിസ്റ്റ് റാങ്ക് പട്ടിക പോലും ആക്ടീവാക്കിയത്. ഇനി നിയമനം ഒക്കെ നടന്നു വരുമ്പോഴേക്കും ഗുണനിലവാരം ഇല്ലാത്ത കുറേ അധികം മരുന്നുകൾ കൂടി കേരളം വാങ്ങി കഴിക്കുമെന്നുറപ്പ്.
സർക്കാർ മേഖലയിൽ നിന്നും പൊതു വിപണിയിൽ നിന്നും മരുന്നെടുക്കാനും കൃത്യമായ ഇടപെടൽ പൊതുവിപണിയിൽ നടത്താനും ഡ്രഗ്സ് കൺട്രോളർ വകുപ്പിൽ ജീവനക്കാരില്ല. പേരിന് വേണ്ടി മാത്രം പരിശോധന എന്ന നിലയിലേക്കാണ് കാര്യങ്ങളെത്തുന്നത്. സർക്കാർ മേഖലയിലെ മരുന്ന് ക്ഷാമത്തിനൊപ്പമാണ് ഗുണനിലവാരം ഉറപ്പാക്കാനാകാത്ത മരുന്നുകളും ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ മരുന്നുകളും മലയാളി വാങ്ങി ഉപയോഗിക്കുന്നത്.
വാക്സീൻ, ഇൻസുലിൻ പരിശോധനകൾ നടത്താറില്ലെന്ന് വ്യക്തമാക്കുന്ന ആരോഗ്യവകുപ്പ് പറയുന്ന ന്യായം, മരുന്ന് നിർമാണ കമ്പനികളുടെ സ്വന്തം ഗുണനിലവാര പരിശോധനയിൽ ഉറച്ച വിശ്വാസം എന്നാണ്. അവർ പരിശോധിക്കുന്നത് ഉറപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഞങ്ങളെങ്ങനെ ഉത്തരം പറയും, കേന്ദ്രം അല്ലേ പറയേണ്ടത് എന്നാണ് മറു ചോദ്യം. വാക്സീന്‍റേയും ഇൻസുലിന്‍റേയും ഒക്കെ പരിശോധനയ്ക്ക് കേരളത്തിൽ സംവിധാനമില്ലാത്തതിനാൽ പരാതി ഉയരുമ്പോൾ, അത് അത്രകണ്ട് ആവശ്യമാണെന്ന് തോന്നിയാൽ മാത്രം പരിശോധനക്ക് കൊടുത്തുവിടുമെന്നൊക്കെ വിശദീകരിക്കുമെങ്കിലും വിവാദം ഉയർന്ന പേവിഷ പ്രതിരോധ വാക്സീൻ ബാച്ച് പോലും പരിശോധനക്ക് എടുത്തിട്ടില്ലെന്നതാണ് സത്യം.
മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങാൻ ടെണ്ടർ നൽകുന്ന കമ്പനികളിൽ നേരിട്ടെത്തി പരിശോധന നടത്തമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ അത് പലപ്പോഴും നടക്കാറില്ല. പകരം കമ്പനി നൽകുന്ന സർട്ടിഫിക്കറ്റിൽ 100 ശതമാനം വിശ്വാസം അർപ്പിക്കും. മുമ്പ് ഇത്തരം കമ്പനികളിൽ പരിശോധന നടത്തിയ മെഡിക്കൽ സർവീസസ് കോർപറേഷൻ അധികൃതർ കണ്ടത് കുടിൽ വ്യവസായം പോലെ പാരസെറ്റമോളും വേദന സംഹാരികളും ഒക്കെ നിർമിക്കുന്നതാണ്. അത്തരം ചില കമ്പനികളെ അന്ന് കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. എന്നാൽ പേരുമാറ്റി കമ്പനി രജിസ്റ്റർ ചെയ്ത് ഇവർ തന്നെ വീണ്ടും വിപണിയിലെത്തും.
സംസ്ഥാനത്തേക്ക് വ്യാപകമായ രീതിയിൽ വ്യാജ മരുന്നുകളെത്തുന്നുണ്ടെന്ന് ഡ്രഗസ് കൺട്രോളർ വകുപ്പും സമ്മതിക്കുന്നു. പൊതുവിപണിയിലെ മരുന്ന് സംഭരണവും വിതരണവും വിൽപനയും നടത്തുന്ന ഡ്രഗ്സ് ആന്‍റ് കെമിസ്റ്റ് അസോസിയേഷനും ഇത് സമ്മതിക്കും. പ്രമുഖ കമ്പനികളുടെ അതേ ബ്രാൻഡിൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധമാണ് ഇവ കേരളത്തിലെത്തുന്നത്. മരുന്ന് കമ്പനികളുടെ കണക്കിൽ ഒരു വർഷം നടക്കേണ്ട ബിസിനസ് നടക്കുന്നുമില്ല. എന്നാൽ, അതേ ബ്രാൻഡ് മരുന്നുകൾ വിറ്റുപോകുകയും ചെയ്യുന്നുണ്ട്. വമ്പൻ മരുന്ന് കമ്പനികൾക്ക് ഒരു വർഷം 10 കോടി രൂപവരെ നഷ്ടം ഉണ്ടായപ്പോഴാണ് വ്യാജനെത്തുന്നത് സ്ഥിരീകരിക്കുന്നത് തന്നെ. നാഗർകോവിൽ, മധുര, കോയമ്പത്തൂർ, ദില്ലി, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചില സബ് സ്റ്റോക്കിസ്റ്റുകൾ വഴിയാണ് ഈ വ്യാജന്‍ മരുന്നുകൾ കേരളത്തിലെ മരുന്ന് വിപണിയിലെത്തുന്നത്. ജി എസ് ടിയുടെ അടിസ്ഥാനത്തിൽ എവിടെ നിന്നു വേണമെങ്കിലും മരുന്നെടുക്കാം എന്ന പഴുതിലൂടെയാണ് ഇത്തരം വ്യാജ മരുന്നുകൾ പൊതുവിപണിയിലെത്തുന്നത്. ഇതേക്കുറിച്ച് പല വട്ടം പരാതി ഉയർന്നിട്ടും ഇപ്പോഴും പരിശോധന പേരിന് മാത്രമാണ്. ശാസ്ത്രീയ പരിശോധനയ്ക്ക് സാംപിളെടുക്കാന്‍, എടുത്ത സാംപിൾ പരിശോധന നടത്താൻ ആളും സംവിധാനവുമില്ലാതെ എന്തുചെയ്യുമെന്നാണ് ഡ്രഗ്സ് കൺട്രോളർ വകുപ്പിന്‍റെ ചോദ്യം.
ചുരുക്കത്തിൽ ചാത്തനേയും ഒറിജിലനേയും തിരിച്ചറിയാതെ കേരളം മരുന്ന് ഉപഭോഗത്തിൽ ഇനിയും മുന്നേറും. ഗുണനിലവാരമൊക്കെ ഒരു വിശ്വാസം മാത്രമെന്ന്, അങ്ങനെയേ പറ്റുവെന്ന് ആരോഗ്യ വകുപ്പും സർക്കാരും ആവർത്തിക്കുമ്പോൾ, മനുഷ്യന്‍റെ ആരോഗ്യത്തിനെന്തു വില, ഇതാണോ നമ്പർ വൺ ആരോഗ്യകേരളം എന്ന ചോദ്യവും നമുക്ക് ആവർത്തിച്ചുകൊണ്ടിരിക്കാം.