
തിരുവനന്തപുരം: സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ (Cardio Pulmonary Resuscitation) പരിശീലനം നല്‍കുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഡ്രൈവര്‍മാര്‍, റെസിഡന്‍സ് അസോസിയേഷന്‍, വിവിധ സേനാംഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി പരമാവധി പേര്‍ക്ക് ഘട്ടം ഘട്ടമായി പരിശീലനം നല്‍കുന്നതാണ്. ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) ഉണ്ടാകുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍. ശരിയായ രീതിയില്‍ സിപിആര്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് എല്ലാവര്‍ക്കും പരിശീലനം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയായിരിക്കും പരിശീലനം. എല്ലാ മെഡിക്കല്‍ കോളേജുകളിലും പരിശീലനത്തിനായി കാര്‍ഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതുകൂടാതെ ഐഎംഎയിലെ ഡോക്ടര്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനത്തിന് ഐഎംഎ എല്ലാ സഹകരണവും ഉറപ്പ് നല്‍കി. സിപിആര്‍ പരിശീലനം സംബന്ധിച്ച് ഏകീകൃതമായ ഷോര്‍ട്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കും.
മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഐഎംഎ, കെ.ജി.എം.ഒ.എ, മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹൃദയസ്തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് മൂലം ബോധക്ഷയവും മറ്റ് സങ്കീര്‍ണതകളുമുണ്ടാകുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അടിയന്തര ചികിത്സ നല്‍കിയില്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും മരണത്തിലേക്ക് എത്തുകയും ചെയ്യും. ഇത് തടയുവാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാര്‍ഗമാണ് സിപിആര്‍. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്സിജന്‍ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാന്‍ സിപിആറിലൂടെ ഒരു പരിധി വരെ സാധിക്കും.
ഹൃദയാഘാതമുണ്ടായാല്‍ ഉടന്‍ സി.പി.ആര്‍. നല്‍കിയാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഴഞ്ഞുവീണ ആള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അബോധാവസ്ഥയിലാണെങ്കില്‍ ഉടന്‍ തന്നെ പള്‍സും ശ്വാസം ഉണ്ടോയെന്നും പരിശോധിക്കുക. ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി.ആര്‍ ഉടന്‍ ആരംഭിക്കുക. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സി.പി.ആര്‍ ചെയ്യേണ്ടത്.
ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതല്‍ ഏഴു സെന്റിമീറ്റര്‍ താഴ്ചയില്‍ നെഞ്ചില്‍ അമര്‍ത്തിയാണ് സിപിആര്‍ നല്‍കേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കുക. പരിശീലനം ലഭിച്ച ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണിത്. സിപിആര്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഒരുപാട് ജീവനുകള്‍ ഇതിലൂടെ രക്ഷിക്കാന്‍ സാധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam