
കോഴിക്കോട്: മുസ്ലീം ലീഗിനകത്ത് ഇപ്പോൾ സംഭവിക്കുന്നത് സ്വാഭാവികമായ പൊട്ടിത്തെറിയാണെന്ന് ഐഎൻഎൽ (INL). അശേഷം ജനാധിപത്യ സ്വഭാവം കൈവരിക്കാത്ത ഒരു ഫ്യൂഡൽ പാർട്ടിയായാണ് മുസ്ലിം ലീഗ് (Muslim League) ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെ ശബ്ദിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ സസ്പെൻഡ് ചെയ്തതിലൂടെ വ്യക്തമാകുന്നതെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ (Kasim Irikkur) അഭിപ്രായപ്പെട്ടു.
ലീഗിൽ ഇപ്പോൾ സംഭവിക്കുന്നത് ഇത്തരം പാർട്ടികൾ നേരിടേണ്ടിവരുന്ന സ്വാഭാവിക പ്രതിസന്ധിയാണ്. നേതാക്കളുടെ കൊള്ളരുതായ്മക്കെതിരെ പാർട്ടി വേദിയിൽ സംസാരിച്ചതിന് അച്ചടക്ക നടപടിയെടുക്കുന്ന ഏർപ്പാട് മുസ്ലിം ലീഗിൽ അല്ലാതെ മറ്റൊരു പാർട്ടിയിലും കാണാനാവില്ല. എന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് ലീഗ് എന്ന തമാശ വിളമ്പുകയാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി. അധികാരമില്ലാതെ പാർട്ടിക്ക് ഒരിഞ്ച് മുന്നോട്ട് പോവാനാവില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
മുൻകാലങ്ങളിൽ നേതാക്കൾ പാർട്ടി ഫണ്ട് സ്വന്തം കീശയിലാക്കിയത് പോലെ പോലെ ‘ഹദിയയുടെ പേരിൽ പിരിച്ച 12 കോടിയും മുക്കുമോ എന്ന വേവലാതിയാവണം നേതാക്കൾക്കെതിരെ തുറന്നടിക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്. പ്രവർത്തന രഹിതമായ ദേശീയ കമ്മിറ്റിക്കു വേണ്ടി ഫണ്ട് കൈക്കലാക്കാനുള്ള ശ്രമത്തിനെതിരെ സംഘടിത നീക്കമുണ്ടായത് മാറ്റത്തിൻ്റെ തുടക്കമാണ്. വരുംദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾ ലീഗിനകത്ത് പ്രതീക്ഷിക്കാമെന്ന് കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുനഃപരിശോധിക്കണം, പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇടത് മുന്നണി സർക്കാരിന്റെ ജനകീയ പിന്തുണയ്ക്കും, പ്രതിശ്ചായക്കും കളങ്കമേൽപ്പിക്കുന്ന നടപടിയാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.
വാഹനമിടിച്ചു കൊലപ്പെടുത്തിയത് മുതൽ തന്റെ പദവിയും അധികാരവും ഉപയോഗിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും, വ്യാജ തെളിവുകൾ ചമച്ചതുൾപ്പെടെ കുറ്റാരോപിതനാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇത്തരം ഒരാൾക്ക് ഏറ്റവും ഉത്തരവാദിത്വപ്പെട്ട ചുമതലകൾ നൽകുന്നത് കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തകനോടും കുടുംബത്തോടും ചെയ്യുന്ന അനീതിയാണ്. നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലാത്ത ഉദ്യോഗസ്ഥന്, നീതിപൂർവ്വമായി ജനങ്ങളോട് ഇടപെടാൻ സാധിക്കില്ല എന്ന് വ്യക്തമാണെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
കോഴിക്കോട് ടൗൺ ഹാളിൽ നടന്ന യോഗം നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഒപി റഷീദ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷംസീർ കരുവന്തിരുത്തി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി നസ്റുദ്ദീൻ മജീദ് വൈസ് പ്രസിഡണ്ടുമാരായ റഹ്മത്തുള്ള ആസാദ് പൂന്തുറ, ഗഫൂർ കൂടത്തായി, ആസിക് കള്ളിക്കുന്ന്, ഗഫൂർ താനൂർ ജോയിന്റ് സെക്രട്ടറിമാരായ ജഅ്ഫർ ശർവാനി പാലക്കാട്, കലാം ആലുങ്ങൽ, മുജീബ് കൊല്ലൂർവിള കൊല്ലം, ഷമീർ കണ്ണൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ അമീൻ മേടപ്പിൽ നന്ദി പറഞ്ഞു.