Asianet News MalayalamAsianet News Malayalam

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുനഃപരിശോധിക്കണം, പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്.

kuwj against Sriram Venkitaraman s appointment as collector of  alappuzha
Author
Kerala, First Published Jul 24, 2022, 7:56 PM IST

ആലപ്പുഴ/തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ (KM Basheer) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ  (Sriram venkitaraman) ആലപ്പുഴ ജില്ല കളക്ടറായി (collector of alappuzha) നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്.

കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ശ്രീറാം വെങ്കിട്ടരാമനെതിരെ പത്ര പ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ  പത്ര പ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ട് രാമനെ ജില്ലാ കളക്ടറായി നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് പത്ര പ്രവർത്തക യൂണിയൻ പ്രതികരിച്ചു. ബഷീറിന്റെ കൊലപാതകത്തിന് ശേഷം നേരിട്ട് ജനങ്ങളുമായി ബന്ധപ്പെടുന്ന ഒരു പദവിയിലേക്ക് ശ്രീറാം വെങ്കിട്ട് രാമനെ നിയമിക്കുന്നത് ആദ്യമായാണ്. കേസിന്റെ വിചാരണ ആരംഭിക്കാൻ പോകുന്ന ഘട്ടത്തിലാണ് പ്രധാന പദവിയിലേക്കുള്ള നിയമനം. ഇത് നീതിയുക്തമായ വിചാരണയെ ബാധിക്കുമെന്നും സർക്കാർ നിയമനം പുനഃപരിശോധിക്കണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് സജിത്തും സെക്രട്ടറി ടി കെ അനിൽകുമാറും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios