വിസ്മയ കേസിൽ കിരൺ കുമാറിനെ പിരിച്ചു വിടാൻ അടിസ്ഥാനമായ 1960 ലെ ആ സിവിൽ സർവീസ് നിയമം എന്താണ്?

By Web TeamFirst Published Aug 6, 2021, 5:47 PM IST
Highlights

സ്ത്രീധന കേസിന്റെ പേരിൽ  സർവീസിൽ നിന്ന് പിരിച്ചു വിടപ്പെടുന്ന ആദ്യത്തെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാണ് കിരൺ കുമാർ

വിസ്മയ കേസിലെ കുറ്റാരോപിതൻ, ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി  ഗതാഗതമന്ത്രി ആൻറണി രാജു തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു.  ഈ പിരിച്ചു വിടലിന് അടിസ്ഥാനമായി അദ്ദേഹം ഉദ്ധരിച്ചത് 1960-ലെ കേരള സിവിൾ സർവീസ് നിയമം ആണ്. 

എന്താണ് ഈ 1960 ലെ സിവിൽ സർവീസ് നിയമം?

1960 ലാണ് കേരള സിവിൽ സർവീസസ് (ക്ലാസിക്കേഷൻ കൺട്രോൾ ആന്റ് അപ്പീൽ) നിയമം പാസ്സാവുന്നത്. ഈ നിയമത്തിന്റെ പതിനൊന്നാം വകുപ്പ് പരാമർശിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർ ഏതെങ്കിലും കേസുകളിൽ പ്രതികളായാൽ നേരിടേണ്ടി വരുന്ന അച്ചടക്ക നടപടികളെക്കുറിച്ചാണ്. ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവത്തിന് അനുസൃതമായിട്ടാണ് അച്ചടക്ക നടപടിയുടെ കടുപ്പവും ഉണ്ടാവുക. ഈ നിയമത്തിന്റെ  ഒന്ന് മുതൽ നാലുവരെയുള്ള ഉപ വകുപ്പുകളിൽ ശാസന മുതൽ പിഴ വരെയുള്ള ചെറിയ നടപടികളാണ് ഉള്ളതെങ്കിൽ, അഞ്ചു മുതൽ അങ്ങോട്ടേക്ക് തരംതാഴ്ത്തൽ, നിർബന്ധിത വിരമിക്കൽ, പെൻഷൻ കുറവുചെയ്യൽ, സർവീസിൽ നിന്ന് നീക്കം ചെയ്യൽ, പിരിച്ചു വിടൽ തുടങ്ങി പലതുമുണ്ട്.

സിവിൽ സർവീസ് നിയമത്തിന്റെ ഈ വകുപ്പ് പ്രകാരം ഒരു ഉദ്യോഗസ്ഥനെ നീക്കം ചെയ്യും മുമ്പ്, പ്രസ്തുത വ്യക്തിക്കെതിരെ ഇതേ നിയമത്തിന്റെ പതിനഞ്ചാം വകുപ്പിൽ പറയും പ്രകാരം കൃത്യവും വിശദവുമായ ഒരു വകുപ്പുതല അന്വേഷണം നടത്താൻ സർക്കാരിന് ബാധ്യതയുണ്ട്. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥന് ആരോപണങ്ങൾ വ്യക്തമാക്കിക്കൊണ്ട് മെമോ നൽകപ്പെടും. ഈ വകുപ്പിന്റെ അന്വേഷണ ചട്ടങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തപ്പെട്ട സുതാര്യമായ ഒരു അന്വേഷണത്തിൽ സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ എന്നാണ് മന്ത്രി അറിയിച്ചത്.

ഇങ്ങനെ ഈ എട്ടാം ഉപവകുപ്പ് പ്രകാരം നീക്കം ചെയ്യുന്നത് തുടർന്ന് രണ്ടാമത് ഒരു സർക്കാർ ജോലിക്ക് ശ്രമിക്കുന്നതിൽ നിന്നുകൂടി പ്രസ്തുത ഉദ്യോഗസ്ഥന് അയോഗ്യതയായി മാറും. പിരിച്ചു വിടപ്പെടുന്നയാൾക്ക് പെൻഷൻ, ഡിസിആർജി തുടങ്ങിയവയും നിഷേധിക്കപ്പെടും. ഇങ്ങനെ ഈ നിയമം പ്രകാരം സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ മരണപ്പെട്ടു എന്ന കാരണം കാണിച്ച് സർവീസിൽ നിന്ന് പിരിച്ചു വിടപ്പെടുന്ന ആദ്യത്തെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാണ് കിരൺ കുമാർ എന്നും മന്ത്രി പറഞ്ഞു.   

click me!