കൊച്ചി/ദില്ലി: നടിയെ ആക്രമിച്ച കേസിൽ ഇനി വിചാരണാനടപടികളിലേക്ക് കൊച്ചിയിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക കോടതി കടക്കും. പ്രതിയായ തനിക്ക് കേസിലെ തൊണ്ടിമുതലിലുള്ള ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ടെന്നും അത് കിട്ടുന്നത് തന്‍റെ നിരപരാധിത്വം തെളിയിക്കാൻ അത്യാവശ്യമാണെന്നും ദിലീപ് ആവശ്യപ്പെട്ടതോടെ, തൽക്കാലം സുപ്രീംകോടതിയിലെ കേസിൽ വിധി വരുന്നത് വരെ, കേസിൽ ദിലീപിനെ പ്രോസിക്യൂട്ട് ചെയ്യില്ലെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിൽ ആക്രമണത്തെ അതിജീവിച്ച നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറുന്നത് കേസിനെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും, മറ്റ് പ്രതികളും ഈ ദൃശ്യങ്ങളുടെ പകർപ്പ് തേടി കോടതി കയറുമെന്നും, അത് അടിസ്ഥാനപരമായി നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്നുമുള്ള സംസ്ഥാനസർക്കാരിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. അതേസമയം, ദിലീപിനോ അഭിഭാഷകർക്കോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനോ കാണുന്നതിനോ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കുകയാണ്.
ദൃശ്യങ്ങളിൽ കൂടുതൽ ഫൊറൻസിക് പരിശോധന വേണമെന്നും, അതിൽ കൃത്രിമം നടന്നിരിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ദിലീപിന്‍റെ വാദം. എന്നാൽ ഇപ്പോൾ അന്വേഷണത്തിന്‍റെ ഭാഗമായി ഇതിൽ നടന്ന ഫൊറൻസിക് പരിശോധനയിൽ തൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി, കൂടുതൽ ഫൊറൻസിക് പരിശോധന ഇതിൽ ആവശ്യമില്ലെന്നും വ്യക്തമാക്കുകയാണ്.
പല ഘട്ടങ്ങളിലായി ഹൈക്കോടതിയും അങ്കമാലി കോടതിയും അടക്കം ദിലീപിനോട് നിർദേശിച്ചതിൽ കൂടുതൽ ഒന്നും സുപ്രീംകോടതി വിധിയിലും ദിലീപിന് ലഭിച്ചിട്ടില്ല. അങ്കമാലി കോടതിയിൽ പോയി ദിലീപിന്‍റെ അഭിഭാഷകൻ ഒരു തവണ ദൃശ്യങ്ങളെല്ലാം പരിശോധിച്ചതാണ്. എന്നിട്ടും ഇതേ ആവശ്യമുന്നയിച്ച് ദിലീപ് സുപ്രീംകോടതിയിൽ പോയതോടെ വൈകിയത് കേസിന്‍റെ വിചാരണയാണ്.
2017 നവംബർ 21-നാണ് ദിലീപിനെ പ്രതിയാക്കി കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ ഇതിനിടെ കേസിന്‍റെ വിചാരണയ്ക്ക് സ്റ്റേ തേടി ദിലീപ് മേൽക്കോടതിയെ സമീപിച്ചു. ഇവിടെത്തന്നെ വിചാരണ തുടങ്ങുന്നത് വൈകാൻ തുടങ്ങി. ഇപ്പോൾ, കേസിൽ കുറ്റപത്രം നൽകിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇനിയും ഈ കേസിൽ വിചാരണ തുടങ്ങാൻ പോലുമായിട്ടില്ല.
ദിലീപ് ഉൾപ്പടെ കേസിലെ പ്രതികൾ പലരും കേസിന്‍റെ പല ഘട്ടങ്ങളിൽ പലപ്പോഴായി നൽകിയ നാൽപ്പതോളം ഹർജികൾ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജില്ലാ കോടതിയിലുമായി എത്തി. വിചാരണ പിന്നെയും നീണ്ടുകൊണ്ടിരുന്നു.
മെമ്മറി കാർഡ് തെളിവോ തൊണ്ടിമുതലോ എന്ന് ചോദിച്ച് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതിൽ വിധി വന്നതോടെ, തൽക്കാലം കേസിന്‍റെ വിചാരണ തുടങ്ങാമെന്ന നിലയാണുള്ളത്. കേസിൽ എത്രയും പെട്ടെന്ന് വിചാരണ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ബലാത്സംഗക്കേസുകളിൽ വിചാരണ വൈകിയാൽ നീതി ഉറപ്പാക്കാൻ കഴിയാറില്ല. അതിനാലാണ് ബലാത്സംഗക്കേസുകളിൽ പലപ്പോഴും അതിവേഗവിചാരണ വിധിക്കുന്നത്. സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ട്. തെളിവുകൾ കൃത്യമായി തെളിയിക്കാൻ അപ്പോൾ ബുദ്ധിമുട്ടാകും. അതിനാലാണ് വിചാരണ വൈകരുതെന്ന് വാദിക്കുന്നതെന്നും പ്രോസിക്യൂഷൻ പറയുന്നു.
സുപ്രീംകോടതിയുടെ ഉത്തരവ് കീഴ്‍ക്കോടതിയിൽ കിട്ടിയാൽ ഉടൻ തുടർനടപടികൾ തുടങ്ങും. ഇനി ശേഷിക്കുന്ന നടപടികൾ ഇവയാണ്: ദിലീപടക്കമുള്ള പ്രതികളെ വിളിച്ച് വരുത്തുക, അതിന് ശേഷം കുറ്റപത്രം വായിച്ച് കേൾപ്പിക്കുക, പിന്നീട് വിചാരണ തുടങ്ങാനുളള തീയതി തീരുമാനിക്കുക.
എന്നാൽ അതിലേക്ക് എത്തുന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. പ്രതികളിൽ ചിലർ വീണ്ടും ഹർജികളുമായി വിവിധ കോടതികളെ സമീപിച്ചേക്കാമെന്ന സൂചനകൾ വരുന്നുണ്ട്. പരമാവധി വിചാരണ വൈകിക്കുക എന്നതാണ് ദിലീപടക്കമുള്ള പ്രതികൾ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷൻ തന്നെ വ്യക്തമാക്കുന്നു. അത്തരത്തിൽ വിചാരണ വൈകുംതോറും സാക്ഷികളെ വിസ്തരിക്കുന്നത് സങ്കീർണമാകും. ഇവർ കൂറ് മാറാൻ സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രതികൾ കണക്കുകൂട്ടുന്നുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam