'സ്ത്രീയായിപ്പോയി, ഇല്ലെങ്കിൽ വലിച്ചിട്ട് തല്ലിയേനേ', വനിതാ ജഡ്ജിയോട് അലറി അഭിഭാഷകർ

By Web TeamFirst Published Nov 29, 2019, 12:43 PM IST
Highlights

ഒരിക്കലും ഒരു ജുഡീഷ്യല്‍ ഓഫീസറോട് അഭിഭാഷകന്‍ പെരുമാറാന്‍ പറ്റാത്ത രീതിയിലും കോടതിയുടെ അന്തസിന് നിരക്കാത്ത രീതിയിലുമാണ് അഭിഭാഷകര്‍ തന്നോട് പെരുമാറിയതെന്നും മജിസ്ട്രേറ്റ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ വനിതാമജിസ്ട്രേറ്റിനെ അഭിഭാഷകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ വനിതാജഡ്ജി നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 'സ്ത്രീയായി പൊയി, അല്ലെങ്കിൽ ചേമ്പറിൽ നിന്ന് പുറത്തിട്ട് തല്ലി ചതച്ചേനെയെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതായി വനിതാജഡ്ജിയുടെ മൊഴിയിലുണ്ട്. 

തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസി‍ഡന്‍റ് കെപി ജയചന്ദ്രന്‍ അടക്കം കണ്ടലാറിയാവുന്ന പത്ത് അഭിഭാഷകര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപ മോഹന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഒരിക്കലും ഒരു ജുഡീഷ്യല്‍ ഓഫീസറോട് അഭിഭാഷകന്‍ പെരുമാറാന്‍ പറ്റാത്ത രീതിയിലും കോടതിയുടെ അന്തസിന് നിരക്കാത്ത രീതിയിലുമാണ് അഭിഭാഷകര്‍ തന്നോട് പെരുമാറിയതെന്നും മജിസ്ട്രേറ്റ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു കേസിലെ സാക്ഷിയെ പ്രതി ഭീഷണിപ്പെടുത്തി. ഇക്കാര്യം സാക്ഷി തന്നെ കോടതിയില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. ഈ ഉത്തരവ് തിരുത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ തനിക്ക് നേരെ തിരിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. 

തനിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുകയും ആക്രോശിക്കുകയും ചെയ്ത അഭിഭാഷകര്‍ സ്ത്രീയായി പോയെന്നും അല്ലെങ്കില്‍ ചേംബറിന് പുറത്തേക്ക് എടുത്തിട്ട് തല്ലി ചതച്ചേനേയെന്നും ഭീഷണിപ്പെടുത്തിയതായി മജിസ്ട്രേറ്റിന്‍റെ പരാതിയില്‍ പറയുന്നു. ഇനി പുറത്തിറങ്ങാതെ ഇവിടെ ഇരുന്നോളണമെന്നും  ഇനി കോടതി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അഭിഭാഷകര്‍ പറഞ്ഞതായും മൊഴിയിലുണ്ട്. വനിതാജഡ്ജിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മഹസര്‍ തയ്യാറാക്കുന്നത് അടക്കമുള്ള തുടര്‍നടപടികള്‍ക്കായി കോടതിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടി ജില്ല ജഡ്ജിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

click me!