കട്ടപ്പന സിപിഎം സഹകരണ ആശുപത്രി പ്രവർത്തനം നിയമവിരുദ്ധം; ജീവന് തന്നെ ഭീഷണിയെന്ന് നഗരസഭ

By Web TeamFirst Published Nov 29, 2019, 10:11 AM IST
Highlights

രണ്ട് നില വീടിനുള്ള അനുമതിയുടെ മറവിലാണ് അഞ്ച് നില ആശുപത്രിക്കെട്ടിടം പ്രവർത്തിക്കുന്നത്. ചട്ടലംഘനത്തിൽ സർക്കാരിനോട് നടപടി ആവശ്യപ്പെട്ടുള്ള നഗരസഭ റിപ്പോർട്ട് സിപിഎം സ്വാധീനത്താൽ പൂഴ്ത്തിയെന്നും ആക്ഷേപം. 

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ മുൻ സിഐടിയു നേതാവ് കയ്യേറിയ ഭൂമിയിലുള്ള സിപിഎം സഹകരണ ആശുപത്രിയുടെ പ്രവർത്തനവും നിയമവിരുദ്ധം. രണ്ട് നില വീടിനുള്ള അനുമതിയുടെ മറവിലാണ് അഞ്ച് നില ആശുപത്രിക്കെട്ടിടം പ്രവർത്തിക്കുന്നത്. ചട്ടലംഘനത്തിൽ സർക്കാരിനോട് നടപടി ആവശ്യപ്പെട്ടുള്ള നഗരസഭ റിപ്പോർട്ട് സിപിഎം സ്വാധീനത്താൽ പൂഴ്ത്തിയെന്നും ആക്ഷേപം. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

മുൻ സിഐടിയു നേതാവ് ലൂക്കാ ജോസഫ് പുറമ്പോക്ക് ഭൂമി കയ്യേറി പണിത കെട്ടിടത്തിന് ഒരു ആശുപത്രി പ്രവർത്തിപ്പിക്കാനാവശ്യമായ ഭൗതീക സാഹചര്യങ്ങളൊന്നുമില്ലെന്നാണ് കട്ടപ്പന നഗരസഭ ഓഡിറ്റ് വിഭാഗം പറയുന്നത്. രണ്ട് നിലയ്ക്കുള്ള അനുമതിയുടെ മറവിലാണ് ഈ അഞ്ചുനില പൊങ്ങിയത്. ഫയർഫോഴ്സിന്റെ എൻഒസി ഇല്ല. ആവശ്യത്തിന് പാർക്കിംഗ് സൗകര്യമോ, വൈകല്യമുള്ള രോഗികൾക്കായുള്ള ലിഫ്റ്റ് പോലുള്ള സൗകര്യങ്ങളും ഒരുക്കിയില്ല. ചട്ടങ്ങൾ പാലിക്കാതെയുള്ള ആശുപത്രിയുടെ പ്രവർത്തനം മനുഷ്യജീവന് തന്നെ ഭീഷണിയാണെന്നും നഗരസഭ 2017ൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻസിപ്പൽ കമ്മിറ്റിയോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അറിയാതെ സിപിഎം സഹകരണആശുപത്രിക്ക് വഴിവിട്ട് ലൈസൻസ് നൽകിയത് അന്നത്തെ നഗരസഭാ സെക്രട്ടറി എസ് ജയകുമാറാണ്. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് നഗരസഭാ ചെയർമാൻ കുറ്റപ്പെടുത്തുന്നു.

click me!