
ബെംഗളൂരു: ബെംഗളുരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍മാരായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പാലക്കാട് അഗളി സ്വദേശി അഭിജിത്, തൃശ്ശൂർ മാള സ്വദേശി ശ്രീലക്ഷ്മി എന്നിവരുടെ മൃതദേഹം ജീർണിച്ച നിലയിൽ ബെംഗളുരു നഗരത്തിന് പുറത്തുള്ള വനമേഖലയിൽ കണ്ടത് വെള്ളിയാഴ്ചയാണ്. ഒക്ടോബർ 11നാണ്ഇരുവരെയും കാണാതായത്.അന്ന് സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാൻ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്‍മിയുടെ സന്ദേശം. പാലക്കാടുള്ള വീട്ടിലേക്ക് പോകുന്നുവെന്നാണ് അഭിജിത് അയച്ച സന്ദേശം.
എന്നാൽ പിറ്റേദിവസം ഉച്ചക്ക് 12 മണിയോടെ അഭിജിത്തിന്‍റെ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് മറ്റൊരു സന്ദേശം എത്തി. അത്യാവശ്യം ആണെന്നും പെട്ടെന്ന് ആരെങ്കിലും വരണം എന്നുമായിരുന്നു സന്ദേശം. നിൽക്കുന്ന സ്ഥലത്തിന്‍റെ ലൈവ് ലൊക്കേഷനും അഭിജിത്ത് പങ്കുവെച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് മറുപടിയും ഉണ്ടായില്ല. ഇരുവരെയും ഈ സ്ഥലത്ത് തിരക്കിയെന്നും കണ്ടെത്താനായില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. വിവരമറിഞ്ഞ ബന്ധുക്കളും സ്ഥലത്ത് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ ആയിരുന്നില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 30 മീറ്ററോളം മാത്രം അകലെ അന്ന് തങ്ങൾ എത്തിയിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ബന്ധു സേതു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒന്നര മാസം കഴിഞ്ഞാണ് അഭിജിത് അയച്ച അതേ സ്ഥലത്ത് പിന്നീട് മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ കാണുന്നത്. ഈ സ്ഥലം കേന്ദ്രീകരിച്ച് കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്യാൻ ഇടയില്ലെന്നാണ് കാണാതായ സമയത്തെ സന്ദേശങ്ങളിൽ നിന്ന് ബന്ധുക്കൾ പറയുന്നത്. വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവർ ഒറ്റപ്പെട്ട ഈ സ്ഥലത്ത് എന്തിന് എത്തിയെന്നതാണ് സംശയം. എന്ത് സംഭവിച്ചതിന് ശേഷമാണ് ഉടൻ സ്ഥലത്ത് എത്താൻ അഭിജിത് സന്ദേശം അയച്ചത് എന്നതും ദുരൂഹം. ഒക്ടോബർ 11ന് രാത്രി ഇരുവരും എവിടെ ആയിരുന്നു എന്ന കാര്യത്തിലും വ്യക്തത ഇല്ല. സുഹൃത്തുക്കളെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് ബന്ധുക്കൾ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യയാണ് എന്ന് വരുത്തിത്തീർക്കാൻ ബെംഗളൂരു പൊലീസ് അനാവശ്യതിടുക്കം കാണിക്കുന്നതായും ആരോപണം ഉണ്ട്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam