
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. ശിവശങ്കർ പണമിടപാടിൽ ഇടപെട്ടുവെന്നതിന് ആധാരമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് പുറത്തു വന്നത്. ചാർട്ടേഡ് അക്കൌണ്ടൻ്റ് വേണുഗോപാലുമായി ശിവശങ്കർ ബന്ധപ്പെട്ടതിൻ്റെ ചാറ്റ് വിവരങ്ങളാണ് പുറത്തു വന്നത്.
സ്വപ്നയെ മറയാക്കി ശിവശങ്കർ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ ചാറ്റിൻ്റെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ ഇഡി സീൽ വച്ച കവറിൽ സമർപ്പിക്കുകയും ചെയ്തു. ഈ വാട്സാപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ശിവശങ്കറിൻ്റെ സുഹൃത്ത് കൂടിയാണ് നികുതി വിദഗ്ദ്ധനും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ വേണുഗോപാൽ. സ്വപ്നയ്ക്ക് വേണ്ടി ലോക്കറിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പിൽ ചർച്ച ചെയ്യുന്നുണ്ട്. നിക്ഷേപം ഏതെല്ലാം രീതിയിൽ കൈകാര്യം ചെയ്യണമെന്നും വേണുഗോപാലിൽ നിന്നും ശിവശങ്കർ ചോദിച്ചറിയുന്നുണ്ട്. 2018 നവംബർ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്.
ശിവശങ്കറിനോട് ഇഡി 35 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇല്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവോ എന്ന് ഇഡി ചോദിച്ചപ്പോഴും അദ്ദേഹം ഇല്ല എന്നാണ് പറഞ്ഞത്. സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് ഇതിലൂടെ ശിവശങ്കർ സ്ഥാപിക്കാൻ ശ്രമിച്ചെതെങ്കിലും ഈ വാദത്തെ എതിർക്കുന്ന വിവരങ്ങളാണ് വാട്സാപ്പ് ചാറ്റിലൂടെ പുറത്തു വരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam