'ഒരു പണിയുമില്ല'; എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 50,000 രൂപ!

By Web TeamFirst Published May 7, 2020, 11:25 AM IST
Highlights

'ഒരു പണിയുമില്ല' ​ഗ്രൂപ്പം​ഗങ്ങൾ മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 50000 രൂപയാണ്.   

കൊല്ലം: തലക്കെട്ട് കണ്ട് അത്ഭുതപ്പെടേണ്ട. ഒരു പണിയുമില്ല എന്നത് ഒരു വാട്ട്സ്ആപ്പ് ​ഗ്രൂപ്പിന്റെ പേരാണ്. ഈ ​ഗ്രൂപ്പം​ഗങ്ങൾ മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 50000 രൂപയാണ്. കൊല്ലം കേന്ദ്രീകരിച്ചുള്ള വാട്സാപ് കൂട്ടായ്മ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് തുക കൈമാറിയപ്പോള്‍ മാറ്റപ്പെട്ടത് ഇവരുടെ ഗ്രൂപ്പിന്റെ പേര് തന്നെയാണ്.

നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് വാട്സ് ആപ് ഗ്രൂപ്പില്‍ ഉള്ളത്. ഇവരിൽ കോവിഡ് പോസിറ്റീവ് ആയവരും രോഗം ഭേദമായ ആളും ഒക്കെ ഉണ്ട്. രാജ്യം കോവിഡ് പ്രതിരോധത്തിനായി അഹോരാത്രം പണിപ്പെടുമ്പോള്‍ തങ്ങളുടെ കൂട്ടായ്മയും ഇതില്‍ പങ്കാളികളാവുകയാണെന്ന്  ​ഗ്രൂപ്പം​ഗങ്ങളിലൊരാളായ രാഹുല്‍ പറഞ്ഞു. 

കൂട്ടത്തിൽ ഒരാൾക്ക് അപകടത്തില്‍ പരിക്കേറ്റപ്പോഴാണ് ആദ്യമായി പണം സ്വരൂപിച്ചത്. നിമിഷനേരം കൊണ്ട് നല്ലൊരു തുക ആശുപത്രി ചെലവുകള്‍ക്കായി കണ്ടെത്തി. ഇതോടെയാണ് ഈ കൂട്ടായ്മ കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. പ്രവാസികള്‍ അടക്കമുള്ളവരുടെ സഹായം കൊണ്ടാണ് ഇത്രയും പെട്ടെന്ന് തുക സമാഹരിക്കാന്‍ സാധിച്ചതെന്ന് ഗ്രൂപ്പ് അംഗങ്ങളായ അശ്വന്തും ദിലീപും പറഞ്ഞു.

click me!