
തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരും. സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. കെഎസ്ആർടിസിയുടെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്.
ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ച് മികച്ച മാതൃകയാണ് കാട്ടിയത്. ജനകീയവൽക്കരണവും വികേന്ദ്രീകരണവും ലക്ഷ്യമിട്ട് കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല പുരസ്കാരങ്ങൾ മന്ത്രി സി.പി ജോൺ വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ മികച്ച കണ്ടക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ട വെഞ്ഞാറമൂട് യൂണിറ്റിലെ ആർ.ബി അനീഷ്, അങ്കമാലി യൂണിറ്റിലെ കെ.വി ഷാജു, കൽപ്പറ്റ യൂണിറ്റിലെ കെ. ആശ എന്നിവരെയും, മികച്ച ഡ്രൈവർമാരായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർ യൂണിറ്റിലെ ടി.എം ഷാജി, പാലക്കാട് യൂണിറ്റിലെ കെ. മണികണ്ഠൻ, ചെങ്ങന്നൂർ യൂണിറ്റിലെ എം.എം ബിനു എന്നിവരെയും മന്ത്രി അനുമോദിച്ചു. ഓപ്പറേറ്റിങ് പെർഫോമൻസിൽ മികച്ച പ്രകടനം കാഴ്ചവച്ച യൂണിറ്റുകൾക്കുള്ള പുരസ്കാരം യൂണിറ്റ് ഓഫിസർമാരായ വെള്ളറടയിലെ കെ.ജി സൈജു, തിരുവമ്പാടിയിലെ കെ. സുമേഷ് എന്നിവർക്കും, മെയിൻറനൻസ് പെർഫോമൻസിലെ മികവിന് ചെങ്ങന്നൂർ യൂണിറ്റിലെ എം. ബിനു, ചാലക്കുടി യൂണിറ്റിലെ കെ.ജെ സുനിൽ എന്നിവർക്കും അവാർഡുകൾ കൈമാറി.
പലവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള മോഡേൺ ടിക്കറ്റിങ് സംവിധാനവും മറ്റ് ആധുനികവത്കരണങ്ങളും കെഎസ്ആർടിസിയെ ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. അത്തരം നല്ലകാര്യങ്ങളും ജനങ്ങൾ അറിയണം. വിവാദങ്ങൾ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങൾ കൂടി വാർത്തകളാകണം. നെഗറ്റീവ് വാർത്തകൾ മാത്രം നൽകി പോസിറ്റീവ് മറച്ചുവെച്ചുകൊണ്ട് മാധ്യമങ്ങൾ ദോഷൈകദൃക്കുകൾ ആകരുത്. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതും വിമർശിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ അത് ഭരണസംവിധാനത്തെ ആക്രമിക്കുന്ന രൂപത്തിൽ ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ജനങ്ങൾക്കൊപ്പം നാടിന്റെ നന്മകൾക്കൊപ്പം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ആരോഗ്യമന്ത്രി നിർവഹിച്ചു. കെഎസ്ആർടിസി സി.എം.ഡി ഡോ. പ്രമോജ് ശങ്കർ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ കെ.ആർ ക്ലീറ്റസ്, കെഎസ്ആർടിസി ചീഫ് അക്കൗണ്ട്‌സ് ഓഫിസർ അജിത് കുമാർ എന്നിവർ സംസാരിച്ചു.
9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തെരഞ്ഞെടുക്കുന്നതും സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതും ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിങ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഈ സംവിധാനം സഹായിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam