സ്റ്റീൽ ബോംബ് എവിടെ നിന്ന്? രാഷ്ട്രീയ പാർട്ടിക്കാര്‍ സൂക്ഷിച്ചതെന്ന് പ്രാഥമിക നിഗമനം, വീട്ടിൽ പരിശോധന

By Web TeamFirst Published Jul 7, 2022, 9:23 AM IST
Highlights

പറമ്പിൽ നിന്നും ലഭിച്ച സ്റ്റീൽ പാത്രം തുറന്ന് നോക്കുമ്പോഴായിരുന്നു സ്ഫോടനം നടന്നതെന്നാണ് ഇവര്‍ക്ക് ഒപ്പമുള്ളവരും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പരിശോധന തുടരുകയാണ്. വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആക്രി സാധനങ്ങളടക്കം ഡോഗ് സ്ക്വാഡ് പരിശോധിക്കും. 

കണ്ണൂര്‍ : കണ്ണൂർ മട്ടന്നൂരിൽ വീട്ടിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ആക്രി കച്ചവടക്കാരായ അസം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ ദൂരൂഹത നീങ്ങുന്നില്ല. സ്റ്റീൽ ബോംബ് എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. രാഷ്ട്രീയ പാ‍ര്‍ട്ടികൾ സൂക്ഷിച്ച സ്റ്റീൽ ബോംബാണ് അതറിയാതെ കൊല്ലപ്പെട്ടവ‍ര്‍ എടുത്തു കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പറമ്പിൽ നിന്നും ലഭിച്ച സ്റ്റീൽ പാത്രം തുറന്ന് നോക്കുമ്പോഴായിരുന്നു സ്ഫോടനം നടന്നതെന്നാണ് ഇവര്‍ക്ക് ഒപ്പമുള്ളവരും പറയുന്നത്.  ഇതുമായി ബന്ധപ്പെട്ട് പരിശോധന തുടരുകയാണ്. വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആക്രി സാധനങ്ങളടക്കം ഡോഗ് സ്ക്വാഡ് പരിശോധിക്കും. 

ഇന്നലെ  വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീടായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസുമെത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (45) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ ആശുപത്രിയിൽ വച്ചും മരിച്ചു.

ദാരുണ സംഭവത്തിന്റെ നടുക്കം വിട്ട് മാറാത്ത നിലയിലാണ് കൊല്ലപ്പെട്ട ഫസൽ ഹഖിന്റെ മറ്റൊരു മകനായ ഷഫീഖുൾ. സ്ഫോടനം നടക്കുമ്പോൾ താൻ ഭക്ഷണം കഴിക്കാൻ പോയതായിരുന്നുവെന്ന് ഷഫീഖുൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങൾ മൂന്ന് മാസമായി കാശിമുക്കിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രത്തിൽ എന്താണെന്നറിയാനാണ് തുറന്ന് നോക്കിയതെന്നും ഷഫീഖുൾ വ്യക്തമാക്കി. 

വാടക വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ വച്ചാണ് സ്ഫോടനം നടന്നത്. വീടിന്റെ മേൽക്കൂര അപ്പാടെ തകർന്നു.  സ്ഫോടനം നടക്കുമ്പോൾ വീടിന്റെ താഴത്തെ നിലയിൽ മൂന്ന്പേരുണ്ടായിരുന്നു. ഇവ‍ക്കൊപ്പമായിരുന്നു  ഷഫീഖുൾ  ഉണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന ആ‍ര്‍ക്കും പരിക്കേറ്റിട്ടില്ല. 


click me!