കേരളകോൺഗ്രസിനെ ഇനി ആര് നയിക്കും; നിർണ്ണായക തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

By Web TeamFirst Published Apr 13, 2019, 7:16 AM IST
Highlights

പലപ്പോഴും ചെയർമാൻ സ്ഥാനം കേരളകോൺഗ്രസിന് കീറാമുട്ടിയായിട്ടുണ്ട്. എന്നാൽ കേരളകോൺഗ്രസ് എമ്മിന് ഒരു നേതാവ് മാത്രമാണുണ്ടായിരുന്നത്. പാർട്ടി ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാളായിരുന്നു.

കോട്ടയം: കേരളകോൺഗ്രസിനെ ആര് നയിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് തെരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരും. അതുവരെ പാർട്ടിയുടെ ചുമതലകൾ വർക്കിംഗ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനും വഹിക്കും. കെ എം മാണിയുടെ നിര്യാണത്തോടെ രണ്ട് നിർണ്ണായക തീരുമാനങ്ങളാണ് കേരളകോൺഗ്രസ് എം ഉടൻ എടുക്കേണ്ടത്. ചെയർമാൻ, നിയമസഭാകക്ഷിനേതൃസ്ഥാനം എന്നിവ ആര്‍ക്കൊക്കെയാണ്. . 

പാലായിൽ ആര് സ്ഥാനാർത്ഥിയാകുമെന്നത് ഇപ്പോൾ തീരുമാനമെടുക്കേണ്ട വിഷയമല്ല. പി ജെ ജോസഫാണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ. ചെയർമാനില്ലാത്ത സമയത്ത് വർക്കിംഗ് ചെയർമാനാണ് അധ്യക്ഷൻ. സി എഫ് തോമസ് ഡെപ്യൂട്ടി ചെയർമാനും ജോസ് കെ മാണി വൈസ് ചെയർമാനുമാണ്. തെര‌‌‌‌‌ഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ ഈ ഘടനയിൽ ഒരു മാറ്റം ഇപ്പോൾ വേണ്ടെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. 

തെരഞ്ഞെടുപ്പ് ശേഷം മാത്രമേ പാർട്ടി കമ്മിറ്റി പോലും ചേരു. പലപ്പോഴും ചെയർമാൻ സ്ഥാനം കേരളകോൺഗ്രസിന് കീറാമുട്ടിയായിട്ടുണ്ട്. എന്നാൽ കേരളകോൺഗ്രസ് എമ്മിന് ഒരു നേതാവ് മാത്രമാണുണ്ടായിരുന്നത്. പാർട്ടി ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാളായിരുന്നു. ഇനിയും അങ്ങനെയായിരിക്കുമോ എന്നതാണ് അറിയേണ്ടത്. ചെയർ‍മാൻ സ്ഥാനം വേണമെന്ന ആഗ്രഹം പി ജെ ജോസഫിനുണ്ട്. 

ലോക്സഭാ സീറ്റ് ചോദിച്ച് പാർട്ടിയിൽ ഒറ്റപ്പെട്ട ജോസഫിന് സ്റ്റിയറിംഗ് കമ്മിറ്റിയിലെയും ഉന്നതാധികാരസമിതിയിലേയും മാണി ഗ്രൂപ്പിന്റ ഭൂരിപക്ഷം വെല്ലുവിളിയാണ്. ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് നൽകി നിയമസഭാ കക്ഷി നേതൃസ്ഥാനം പി ജെ ജോസഫിന് നൽകാനുള്ള ഫോർമുല മാണി ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എതായാലും പരസ്യ അഭിപ്രായപ്രകടനത്തിന് ഇപ്പോൾ നേതാക്കൾ തയ്യാറല്ല. തെരഞ്ഞെടുപ്പ് കഴിയും വരെ കാക്കാനാണ് ഇരുവിഭാഗത്തിലെയും നേതാക്കളുടെ തീരുമാനം.

click me!