ആരാണ് കോൺഗ്രസിന്‍റെ വളയം പിടിക്കാൻ എത്തുന്ന സണ്ണി ജോസഫ്!

Published : May 08, 2025, 09:49 PM ISTUpdated : May 08, 2025, 09:50 PM IST
ആരാണ് കോൺഗ്രസിന്‍റെ വളയം പിടിക്കാൻ എത്തുന്ന സണ്ണി ജോസഫ്!

Synopsis

കേരളത്തിൽ തിരിച്ചുവരാൻ വഴി തേടുന്ന കോൺഗ്രസിന്‍റെ വളയം പിടിക്കുമ്പോൾ സണ്ണി ജോസഫിന്‍റെ കരുത്ത്, കുന്നിറങ്ങിയും കയറിയുമുളള അനുഭവം തന്നെ.

കണ്ണൂര്‍: കുടിയേറ്റക്കാരുടെ രാഷ്ട്രീയം പറഞ്ഞും പയറ്റിയും വളർന്ന സണ്ണി ജോസഫ്, കണ്ണൂരിൽ കെ സുധാകരനൊപ്പം നിന്നാണ് കോൺഗ്രസിന്‍റെ പ്രധാന മുഖമായത്. എല്ലാവരെയും ഒപ്പം കൂട്ടുന്ന നയതന്ത്രവും പഠിച്ചുപറയുന്ന ശീലവും ക്രൈസ്തവ സഭയുടെ പിന്തുണയും സുധാകരൻ കൈവിടാതിരുന്നതും കെപിസിസി അധ്യക്ഷപദവിയിലുമെത്താൻ സണ്ണി ജോസഫിനെ തുണച്ചു. പിണറായി നയിക്കുന്ന ഇടതിന് എതിരാളിയാകാൻ പോന്ന പ്രതിച്ഛായയുണ്ടാക്കലാകും പേരാവൂരിന്‍റെ എംഎൽഎയ്ക്ക് പുതിയ പദവിയിലെത്തുമ്പോഴുളള വലിയ വെല്ലുവിളി. 

വളവും തിരിവും നിറഞ്ഞ മലയോരം മനപ്പാഠമാക്കിയ സണ്ണി ജോസഫ്. കേരളത്തിൽ തിരിച്ചുവരാൻ വഴി തേടുന്ന കോൺഗ്രസിന്‍റെ വളയം പിടിക്കുമ്പോൾ സണ്ണി ജോസഫിന്‍റെ കരുത്ത്, കുന്നിറങ്ങിയും കയറിയുമുളള അനുഭവം തന്നെ. വടക്കൻ മലബാറിന്‍റെ കുടിയേറ്റ മണ്ണിൽ പയറ്റിത്തെളിഞ്ഞ പരിചയം.തൊടുപുഴയിൽ നിന്ന് ഇരിട്ടിയിലേക്കെത്തി നട്ടുനനച്ചെടുത്ത രാഷ്ട്രീയം.സമവാക്യങ്ങൾ ശരിയാക്കിയെടുക്കാൻ സഭയും മലയും കണ്ണൂരും കഴിവുമെല്ലാം ചേരുമ്പോൾ സണ്ണി ജോസഫ് ഹൈക്കമാന്‍റിന്‍റെ ആദ്യ ചോയ്സാകുന്നു.
 
തൊടുപുഴ ന്യൂമാൻ കോളേജിൽ കെഎസ്‍യുവിലൂടെ തുടക്കം. കോഴിക്കോട് ലോ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ യൂത്ത് കോൺഗ്രസിന്‍റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റായി. പിന്നീട് പല പദവികളിൽ. യൂത്ത് കോൺഗ്രസിന്‍റെ കണ്ണൂർ ജില്ലാ അധ്യക്ഷനായി. 2001ൽ കെ സുധാകരൻ ആന്‍റണി മന്ത്രിസഭയിൽ അംഗമായപ്പോൾ, കണ്ണൂർ ഡിസിസി പ്രസിഡന്‍റായി. അന്ന് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി, ഇന്നത്തെ സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ. രാഷ്ട്രീയസംഘർഷങ്ങളാൽ കലുഷിതമായ കാലത്ത്, അക്രമത്തിന്‍റെയും വെല്ലുവിളികളുടെയും പാതയിൽ നിന്ന് മാറി നയിച്ചു സണ്ണി ജോസഫ്. 

കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ നിരന്തരം വാദിച്ചു. അഭിഭാഷകനായും തിളങ്ങി. മട്ടന്നൂരിൽ ബാർ അസോസിയേഷൻ പ്രസിഡന്‍റായി. കെ സുധാകരൻ അവസാന വാക്കായ കണ്ണൂരിലെ കോൺഗ്രസിന്, മലയോരത്തേക്കുളള ഉറപ്പുളള ചരടായി സണ്ണി ജോസഫ്. 2011ൽ പേരാവൂരിൽ നിയമസഭയിലേക്ക് ആദ്യ പോരാട്ടം. സിറ്റിങ് എംഎൽഎയെ കെ.കെ.ശൈലജയെ വീഴ്ത്തിത്തുടങ്ങി. തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ പേരാവൂരിന്‍റെ എംഎൽഎ.

പറയുന്നത് അളന്നും ആഴത്തിലും വേണമെന്ന് ശഠിക്കുന്ന സണ്ണി ജോസഫ് നിയമസഭയിൽ കോൺഗ്രസിന്‍റെ പ്രധാന മുഖമായി. വന്യജീവി ആക്രമണമുൾപ്പെടെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടൽ. കെ.സുധാകരന്‍റെ കരുത്തിനും വിഡി സതീശന്‍റെ നേതൃമികവിനും ഒരുപോലെ മാർക്കിടും സണ്ണി ജോസഫ്. ഏത് ഗ്രൂപ്പെന്ന് പിടിതരാത്ത വഴക്കം. കാടതിരിൽ വേലി കെട്ടാൻ സമരം ചെയ്യുന്ന എംഎൽഎയ്ക്ക് പുതിയ അടവുകൾ വേണ്ടി വരും. പലതായി തിരിഞ്ഞ നേതാക്കൾ പാർട്ടി വേലി കടക്കാതെ നോക്കണം.തുടർ ഭരണത്തിന്‍റെ അടുത്ത എപ്പിസോഡിന് കോപ്പുകൂട്ടുന്ന ഇടതിന് വേലി കെട്ടണം. ബിജെപിയിലേക്കുളള ചോർച്ചയ്ക്ക് മതിൽ പണിയണം.വെല്ലുവിളികളുടെ വലിയ കാട് സണ്ണി ജോസഫിനെ കാത്തിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും