
തിരുവനന്തപുരം: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി വിടുമെന്ന വാർത്തകൾക്കിടെ ശ്രദ്ധേയമായ ഫേസ്ബുക്ക് പോസ്റ്റുമായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യര്‍. ഹൂ ഈ നെകസ്റ്റ് ( ആരാകും അടുത്തത്) എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. അണ്ണാമലൈ, കെ സുരേന്ദ്രൻ എന്നിവര്‍ക്കൊപ്പം നിൽക്കുന്ന ചിത്രവും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുരേന്ദ്രനായി അണ്ണാമലൈ പ്രചാരണത്തിന് വന്നപ്പോൾ പകർത്തിയ ചിത്രമാണ് സന്ദീപ് പോസ്റ്റ് ചെയ്തത്. ഇതോടെ ആരാകും അടുത്തതായി ബിജെപി വിടുക എന്ന ചര്‍ച്ചകളാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടക്കുന്നത്. കെ സുരേന്ദ്രനാണോ ബിജെപി വിടുകയെന്ന് പലരും കമന്‍റ് ചെയ്യുന്നുണ്ട്.
അതേസമയം, ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അണ്ണാമലൈ രാജി സമർപ്പിച്ചുവെന്നാണ് വിവരം. ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാന്യമായ രീതിയിൽ പാർട്ടിയുമായുള്ള ബന്ധം വേർപെടുത്താനുള്ള താൽപ്പര്യം അദ്ദേഹം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. 2 ദിവസത്തിനുള്ളിൽ പ്രതികരിക്കാമെന്നാണ് അണ്ണാമലൈ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞുനിൽക്കുകയായിരുന്നു കെ അണ്ണാമലൈ. പാർട്ടിയിൽ തനിക്കെതിരായ പടയൊരുക്കവും അധികാരത്തിലേക്കുള്ള വിജയ്‍യുടെ വരവും സംസ്ഥാനത്ത് ബിജെപി നേരിട്ട കനത്ത പരാജയവും തനിവഴി തെരഞ്ഞെടുക്കാൻ അണ്ണാമലൈയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപേ പ്രവചിച്ചിരുന്ന അണ്ണാമലൈ മൂന്ന് മാസത്തിനുള്ളിൽ ഒരു സർപ്രൈസ് നൽകുമെന്ന് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. മക്കൾ ശക്തി എന്ന പേരിൽ പുതിയ പാർട്ടിയോ വോളൻ്റിയർമാരുടെ കൂട്ടായ്മയോ അണ്ണാമലൈ തുടങ്ങുമെന്നും പ്രചാരണമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam