
പാലക്കാട് ജില്ലയിൽ ഏറ്റവും അധികം വോട്ടർമാരുള്ള മണ്ഡലമാണ് പട്ടാമ്പി. കേരളത്തിന്‍റെ മുൻമുഖ്യമന്ത്രി ഇഎംഎസ് മൂന്ന് തവണ ജയിച്ചുകയറിയ പട്ടാമ്പി ഒരുകാലത്ത് ഇടതിന്‍റെ ഉറച്ചകോട്ടയായിരുന്നു. ആദ്യകാലങ്ങളിൽ സിപിഐ, സിപിഎം നേതാക്കൾ ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍, പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ചു. 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും യുഡിഎഫിലെ സി.പി. മുഹമ്മദ് പലതവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ 2016-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിൻ വിജയിച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയ മാറ്റം പ്രകടമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടതുപക്ഷത്തിന് ശക്തമായ മേധാവിത്തമുള്ള മണ്ഡലമാണ് പട്ടാമ്പി.
പൊതുവേ പട്ടാമ്പിയിലെ തെരഞ്ഞെടുപ്പ് രീതികൾ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള കടുത്ത പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. ബിജെപി അടുത്ത കാലത്തായി ചെറിയ രീതിയിൽ സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്. 2016-ലും 2021-ലും എല്‍ഡിഎഫ് നേടിയ വിജയങ്ങൾ ഈ മേഖലയിലെ ഇടതുപക്ഷത്തിന്റെ സംഘടനാ കരുത്തും വോട്ടർമാരുടെ പിന്തുണയും എടുത്തുകാണിക്കുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2021-ലെ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുഹ്‌സിൻ (സിപിഐ, എൽഡിഎഫ്) തന്റെ സീറ്റ് നിലനിർത്തി. 75,311 വോട്ടുകളാണ് അദ്ദേഹം നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി റിയാസ് മുക്കോളി 57,337 വോട്ടുകൾ നേടി രണ്ടാമതെത്തി. ബിജെപിയുടെ കെ.എം. ഹരിദാസ് 14,578 വോട്ടുകൾ നേടി. 17,974 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹ്‌സിൻ വിജയിച്ചത്.
തദ്ദേശത്തിലെ കരുത്തില്‍ യുഡിഎഫ്
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടകളായ വിളയൂരും മുതുതലയും പിടിച്ചെടുത്തത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. ഓങ്ങല്ലൂര്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.
പട്ടാമ്പിയിൽ മുഹ്സിൻ തുടരുമോ?
മൂന്നാമൂഴത്തിന് ഇറങ്ങിയ മുഹമ്മദ് മുഹ്സിനാണ് എൽഡിഎഫിന്റെ ബലം.സ്കൂളുകളുടെ നവീകരണം മുതല്‍ റോഡ്, പാലം തുടങ്ങി നിരവധി വികസന പദ്ധതികള്‍ തന്‍റെ മണ്ഡലത്തില്‍ എത്തിച്ചാണ് മുഹമ്മദ് മുഹ്സിന്‍ മൂന്നാം തവണയും വോട്ട് തേടുന്നത്. അതുകൊണ്ട് തന്നെ ഇക്കുറിയും മാറ്റമില്ലാത്ത വിധിയുണ്ടാകുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.
ടി. പി ഷാജിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞതവണ പരാജയപ്പെട്ട റിയാസ് മുക്കോളിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം മറികടന്നാണ് ഷാജിയെ തീരുമാനിച്ചത്. 2016ൽ മുഹമ്മദ് മുഹസിനോട് മത്സരിച്ച് പരാജയപ്പെട്ട അഡ്വ. പി മനോജ് ആണ് എന്‍ഡിഎ സ്ഥാനാർത്ഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam