
തിരുവനന്തപുരം: തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിക്ക് ഇത് നല്‍കുന്നത് വെറും കോര്‍പ്പറേഷന്‍ ഭരണം മാത്രമല്ല, ഈ മേഖലയില്‍ നാല് നിയമസഭാ സീറ്റുകല്‍ക്കുള്ള ആത്മവിശ്വാസം കൂടിയാണ്. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം കഴക്കൂട്ടം നേമം എന്നിവിടങ്ങളില്‍ അവര്‍ക്ക് വ്യക്തമായ മേധാവിത്വം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 15 ഇടത്ത് എല്‍ഡിഎഫും 13 ഇടത്ത് യുഡിഎഫും വിജയിച്ചപ്പോൾ വെറും അഞ്ച് സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിലും ആറ് എണ്ണം യുഡിഎഫ് നേടി.
എല്‍ഡിഎഫിന് അഞ്ച് മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്തില്‍ 35 എണ്ണം എല്‍ഡിഎഫും 25 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ആറ് ഇടത്ത് ബിജെപിയാണ്. ഇവിടെയും എല്‍ഡിഎഫിന്‍റെ മേല്‍ക്കോയ്മ തകര്‍ന്നിട്ടുണ്ട്. ഏഴിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. കൊല്ലം കോര്‍പ്പറേഷനിലും 25 കൊല്ലത്തെ എല്‍ഡിഎഫ് തുടര്‍ഭരണം ജനങ്ങള്‍ അവസാനിപ്പിച്ചു. നഗരമേഖലകളിലെ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന് മേല്‍ക്കൈ കിട്ടുന്നതാണ് ഈ വിജയം. ജില്ലാപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും യുഡിഎഫിന് 10 സീറ്റ് കിട്ടിയത് അവര്‍ക്ക് ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്.
നഗരസഭകളില്‍ എല്‍ഡിഎഫിന് മൂന്നും യുഡിഎഫിന് ഒന്നും ലഭിച്ചു. ഏത് സാഹചര്യത്തിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ജില്ലയെന്ന പേര് കൊല്ലം മാറ്റിയതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. പത്തനംതിട്ട കാലങ്ങളായി യുഡിഎഫ് ജില്ലയാണ്. പക്ഷേ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അവര്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. ജില്ലാ പഞ്ചായത്തിലടക്കം വ്യക്തമായ വിജയം നേടി പത്തനംതിട്ട യുഡിഎഫ് പക്ഷത്തേക്ക് വീണ്ടും ചേര്‍ന്നു നില്‍ക്കുന്നു. ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകള്‍, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എല്ലാം യുഡിഎഫിനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വന്നാല്‍ യുഡിഎഫിന് സമ്പൂര്‍ണാധിപത്യം കിട്ടാന്‍ പാകത്തില്‍ പത്തനംതിട്ട ഒരുങ്ങിനില്‍ക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അയ്യപ്പന്‍റെ പൊന്ന് കട്ടവര്‍ക്ക് മാപ്പില്ലെന്ന് യുഡിഎഫും ബിജെപിയും പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ നടപ്പായത് പത്തനംതിട്ടയിലാണ്. ഇനി കണക്ക് കൂട്ടലുകളുടെ ദിവസങ്ങളാണ്. അഞ്ച് മാസത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് വരും. തെക്കന്‍ കേരളം യുഡിഎഫിനും ബിജെപിക്കും അകമഴിഞ്ഞ പിന്തുണ കൊടുക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് മറികടക്കാന്‍ എല്‍ഡിഎഫിന് പിടിപ്പത് പണിയെടുക്കേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam