ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല

Published : Dec 13, 2025, 01:11 AM IST
dileep

Synopsis

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്ന് കോടതി വിധി പകർപ്പ് വ്യക്തമാക്കുന്നു. ദിലീപിനെതിരെ ഹാജരാക്കിയ തെളിവുകൾ അപര്യാപ്തമാണെന്നും അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചകൾ സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്പോൾ ഗൂഡാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. എന്നാൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

പ്രോസിക്യൂഷന്‍റെ വീഴ്ചകളെ കോടതി കടുത്ത ഭാഷയിൽ വിമര്‍ശിക്കുന്നുണ്ട്. ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സമര്‍പ്പിക്കപ്പെട്ട തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണ് എന്ന് കോടതി വ്യക്തമാക്കി. വിധി പകര്‍പ്പിൽ 300 പേജുകളില്‍ ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്നാണ് കോടതി വിശദീകരിക്കുന്നത്. മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്‍റെ വീട്ടിൽ വച്ച് പൾസര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

ദിലീപിന്‍റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുണ്ട്. എന്നാല്‍, അത് ഗൂഢാലോചന നടത്താനാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതി പറയുന്നത്. ദിലീപിന്‍റെ പല സെറ്റുകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. എന്നാല്‍, ഒന്നാം പ്രതിയും ഒരു ചലച്ചിത്ര പ്രവ‍ർത്തകനാണ്. അതുകൊണ്ട് സെറ്റിൽ കണ്ടു എന്നുള്ളതും ഗൂഢാലോചന നടത്തി എന്നുള്ളതും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എന്നാല്‍, ഇതെല്ലാം പൂർണമായും കോടതി നിരാകരിച്ചു. വാക്കുകൾക്ക് അപ്പുറത്തേക്ക് ഡിജിറ്റലായി ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.

അന്വേഷണസംഘത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞ് കോടതി

ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പൊലീസിന് കഴിഞ്ഞില്ല. ദിലീപിനെ പൂട്ടണം എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.

2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസിൽ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല