
കോഴിക്കോട് : കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പന്തിരിക്കരയിലെ ഇർഷാദിന്റേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് കുടുംബം. നീന്തൽ അറിയാമായിരുന്ന ഇർഷാദ് മുങ്ങിമരിക്കുമെന്ന് കരുതുന്നില്ലെന്നും സ്വർണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും ഇർഷാദിന്റെ പിതാവ് നാസർ പറഞ്ഞു. ഇർഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വർണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസർ എന്നയാളാണ് വിളിക്കാറുള്ളത്. ഇയാൾ മുമ്പ് ഇർഷാദിനെ തേടി നാട്ടിൽ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. അറസ്റ്റിലായ സമീർ കബീർ, നിജാസ് എന്നിവരെ കൂടാതെ രണ്ട് പേരും കൂടി സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മകൻ നാട്ടിലെത്തിയ കാര്യം അറിയുന്നത് വളരെ വൈകിയാണ്. രണ്ടാമത്തെ മകനെ വിദേശത്ത് സ്വർണ്ണക്കടത്ത് സംഘം തടവിൽ ആക്കിയപ്പോഴാണ് മകൻ നാട്ടിലെത്തിയെന്ന കാര്യം അറിഞ്ഞതെന്നും ഇർഷാദിന്റെ പിതാവ് പറഞ്ഞു.
മൃതദേഹം ദീപക്കിന്റേതാണോ എന്നതിൽ അവരുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നും ഇർഷാദിന്റെ ബന്ധുക്കൾ പറഞ്ഞു. എന്നിട്ടും ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇർഷാദിന്റെ കുടുംബം ഉയർത്തുന്നത്.
പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദിന് വേണ്ടിയുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് നാടകീയമായ വഴിത്തിരിവിലാണ്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ദഹിപ്പിച്ചത് ഇർഷാദിന്റെ മൃതദേഹമാണെന്നാണ് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത്.
രണ്ട് പേരും ഗൾഫിൽ, കാണാതായത് ഒരേ ദിവസം, മൃതദേഹം മാറി ദഹിപ്പിച്ചു
ദുരൂഹ സാഹചര്യത്തില്‍ അടുത്തടുത്ത പ്രദേശങ്ങളില്‍ നിന്ന് കാണാതായ രണ്ട് ചെറുക്കാര്‍. കാഴ്ചയിലും ശരീര ഘടനയിലും സമാനതയുളളവര്‍. തീര്‍ന്നില്ല ഇരുവരെയും തൊഴില്‍ പശ്ചാത്തലവും കാണാതായ രീതിയും മാത്രമല്ല ബന്ധുക്കള്‍ പരാതി നല്‍കാനെടുത്ത സമയത്തില്‍ പോലും സാദൃശ്യമുണ്ട്. ജൂണ്‍ ആറിനാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്.
മുന്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്‍റ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകി. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു.
'മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം', കാണാതായ ദീപക്കിന്‍റെ അമ്മ ശ്രീലത
ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തിൽ നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിന്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പൊലീസിന് നല്‍കി. പ്രതികളഉടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പൊലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ദീപക്കിന്‍റേതെന്ന പേരില്‍ സംസ്കരിച്ച മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്‍റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അത് പ്രകാരം കണ്ടെത്തിയത് ദീപക്കിന്‍റെ മൃതദേഹമല്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് മൃതദേഹം ഇർഷാദിന്റേതാണെന്നും സ്ഥിരീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam