Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു, കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത്

ഇർഷാദ് കൊല്ലപ്പെട്ടതെന്ന് പൊലീസ്. മൃതദേഹം ഇ‌ർഷാദിന്റേതെന്ന് സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയിലൂടെ

Youth abducted by Gold smuggling team, was killed 
Author
Kozhikode, First Published Aug 5, 2022, 2:04 PM IST

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്. 

ജൂലൈ ആറിന് തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിന് ഇടയിലാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇന്നലെ അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീൽ, കല്‍പ്പറ്റ സ്വദേശി ജിനാഫ്, സജീർ എന്നിവരിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിയായ 916 നാസർ എന്ന വ്യക്തിയാണ് ഇതിന്റെ സൂത്രധാരൻ എന്നാണ് പൊലീസിന്റെ നിദമനം. ഇയാൾ വിദേശത്താണ്. പിണറായി സ്വദേശി മുര്‍ഷിദാണ് ഈ കേസിൽ ആദ്യം അറസ്റ്റിലായത്. ഇയാൾ നൽകിയ മൊഴിയനുസരിച്ചാണ് ശേഷിച്ചവരെ പിടികൂടിയത്. 

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്‍റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂര്‍ സ്വദേശിയായ ദീപക് എന്ന യുവാവിന്‍റേതാണ് മൃതദേഹമെന്ന നിഗമനത്തില്‍ അന്നുതന്നെ സംസ്കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളില്‍ ചിലര്‍  സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. 

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‍സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.

യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസ്

പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹിനെതിരെയാണ് പീഡനക്കുറ്റം ചുമത്തി പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിദേശത്തുള്ള ഇവരുടെ ഭർത്താവാണ് സ്വർണക്കടത്ത് സംഘത്തിനെ, ഇർഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍  സംഘം നല്‍കിയ സ്വര്‍ണം ഇർഷാദ് കൈമാറാഞ്ഞതിനെ തുടര്‍ന്ന് സംഘം യുവതിയുടെ ഭര്‍ത്താവിനെ തടങ്കലിലാക്കി. പിന്നീട് യുവതിയെ ഉപയോഗിച്ച് സ്വര്‍ണം വീണ്ടെടുക്കാനായി ശ്രമം. ഇതിനിടെ സ്വാലിഹ് പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പീഡനക്കുറ്റം ചുമത്തി സ്വാലിഹിനെതിരെ കേസെടുത്തു. സ്വാലിഹ് ഇപ്പോള്‍ വിദേശത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

Follow Us:
Download App:
  • android
  • ios