Asianet News MalayalamAsianet News Malayalam

'മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം', കാണാതായ ദീപക്കിന്‍റെ അമ്മ ശ്രീലത

മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു. 

Mother srilatha wants action to be taken to find deepak as soon as possible
Author
Kozhikode, First Published Aug 5, 2022, 3:02 PM IST

കോഴിക്കോട്: ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണമെന്ന് അമ്മ ശ്രീലത. റൂറല്‍ എസ്‍പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്‍പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു. ജൂണ്‍ ആറിനാണ്  മേപ്പയൂര്‍ സ്വദേശി  ദീപക്കിനെ കാണാതാവുന്നത്.

മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്‍റ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകി. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത്  ജൂലൈ ആറിനാണ്. 

ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പൊലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പൊലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ദീപക്കിന്‍റേതെന്ന പേരില്‍ സംസ്കരിച്ച മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്‍റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്‍റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎൻഎയുമായി ഇർഷാദിന്‍റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios