പ്രവാസി വ്യവസായിയുടെ മരണം: ആരോപണ വിധേയായ ഭാര്യയും മകനും ദില്ലിയിൽ മരിച്ച നിലയിൽ

By Web TeamFirst Published Oct 19, 2019, 11:26 PM IST
Highlights

ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം. വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം.

ദില്ലി: പ്രവാസി വ്യവസായിയുടെ മരണത്തിൽ ആരോപണ വിധേയായ ഭാര്യയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയുടെയും മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി. 

2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലിസി കോടതിയെ സമീപിച്ചെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടര്‍ന്നു. 

കൂടത്തായി സംഭവത്തിന് ശേഷം ജോണിന്‍റെ മരണം സമാന രീതിയിലാണെന്ന ആക്ഷേപം ഉയരുകയും ഇത് ചില ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ബംഗലൂരുവിലുള്ള മൂത്ത മകൻ ദില്ലിയിൽ എത്തിയ ശേഷമാകും സംസ്കാരം. ദില്ലി പൊലീസ് കേസെടുത്തു.

click me!