ഭാര്യയെ തല്ലിയെന്ന പരാതിയിൽ കേസ്, പ്രതികരിച്ച് ബിജെപി നേതാവ്; 'ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് ആഘോഷമാക്കരുത്'

Published : Jun 13, 2026, 04:36 AM IST
bjp leader case

Synopsis

ഭാര്യയെ മർദിച്ചെന്ന പരാതിയിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എ ആർ ശ്രീകുമാർ. ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് വ്യക്തിഹത്യ നടത്തുകയാണെന്ന് മറുപടി

തൃശൂർ: ഭാര്യയെ തല്ലിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എ ആർ ശ്രീകുമാർ. വ്യക്തിഹത്യയും അപകീർത്തി പ്രചാരണവും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് ബിജെപിയുടെ തൃശൂർ സൗത്ത് പ്രസിഡന്‍റ് ശ്രീകുമാർ പറഞ്ഞു. പത്ര ദൃശ്യ മാധ്യമ രംഗങ്ങളിലും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്ന നിരവധി വ്യക്തികളുടെ ജീവിതത്തിൽ കുടുംബപരമായ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളെ മനുഷ്യസ്‌നേഹവും സാമാന്യ മര്യാദയും മറന്ന് വ്യക്തിഹത്യയ്ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ഒരു വ്യക്തിയെയോ കുടുംബത്തെയോ ലക്ഷ്യമിട്ട് അസത്യ പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തി പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ശ്രമങ്ങൾ ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കുന്നതല്ല. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായ വിഷയങ്ങൾ വലിച്ചിഴച്ച് അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ വ്യക്തികളുടെ അന്തസ്സിനെയും കുടുംബങ്ങളുടെ സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും പൊതുസമൂഹം ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എ ആർ ശ്രീകുമാർ ആവശ്യപ്പെട്ടു.

തന്നെ മർദിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്. എന്തുകൊണ്ട് വീട്ടിൽ എത്താൻ വൈകി എന്ന് ചോദിച്ച് ജൂണ്‍ 9ന് രാത്രി 7.30ന് ശ്രീകുമാർ മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. തോന്നുന്ന സമയത്ത് വരാൻ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയിൽ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ആ സമയത്ത് ഭിത്തിയിൽ കൈവച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രി പറഞ്ഞതല്ല, ആശുപത്രി അധികൃതർ പറയുന്നത്'; നിപ ഭീതിക്കിടെ റെംഡിസീവർ പോലുള്ള മരുന്നുകൾക്ക് ക്ഷാമമെന്ന വാർത്ത ആശങ്കാജനകമെന്ന് പിണറായി വിജയൻ
16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സ്നേഹ മെർലിൻ ഒളിവിൽ; യുവതിക്കെതിരെ മുൻപും പോക്സോ കേസുകൾ