
തൃശൂർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ (Coonoor Helicopter Crash) കൊല്ലപ്പെട്ട വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി തൃശൂർ താലൂക്ക് ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. എംകോം ബിരുദധാരിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിക്ക് തൃശ്ശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാഗ്ദാനം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സൈനികക്ഷേമ വകുപ്പിന്‍റെ ഉത്തരവും ഇറങ്ങിയിരുന്നു. ജില്ലാ കലക്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ശ്രീലക്ഷ്മിക്ക് ജോലിയില്‍ പ്രവേശിക്കാമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്.
ശ്രീലക്ഷ്മിക്ക് ജോലി നല്‍കാന്‍ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റവന്യൂ മന്ത്രി കെ രാജന്‍ തൊട്ടടുത്ത ദിവസം തന്നെ പ്രദീപിന്റെ പുത്തൂരിലെ വീട്ടില്‍ നേരിട്ടെത്തി ശ്രീലക്ഷ്മിക്ക് കൈമാറിയിരുന്നു.
സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനായ അസി. വാറന്‍റ് ഓഫീസർ എ പ്രദീപ് ഉണ്ടായിരുന്നു. അറക്കൽ രാധാകൃഷ്‌ണന്‍റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻറെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam