
മാവേലിക്കര : മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായരാണ് (55) മരിച്ചത്. കഴിഞ്ഞ മാസം 27നുണ്ടായ അപകടത്തിൽ ഭർത്താവും കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയുമായിരുന്ന ശശി കെ നായർ (64) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മാർച്ച് 27 ന് വൈകീട്ട് 7.15ന് മാങ്കാംകുഴി ചുനക്കര റോഡിൽ പാറക്കുളങ്ങരക്കു തെക്ക് വെച്ചായിരുന്നു അപകടം.
മകൾ അഭിരാമിയുടെ വിവാഹം മേയ് 10ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. കല്യാണം വിളിക്കാൻ ഇരുവരും സ്കൂട്ടറിൽ പോകവേ എതിർദിശയിൽ നിന്ന് വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ 30 മീറ്ററോളം മുന്നോട്ട് ഇടിച്ചു നീക്കിയാണു കാർ നിന്നത്. ശശി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണാണ് തുളസിക്ക് പരുക്കേറ്റത്. തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. മക്കൾ: അഭിരാമി, അഭിഷേക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam