
ഇടുക്കി: അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെയാണ് തമിഴ്നാടിലെ മേഘമലക്ക് സമീപം മണലാർ തേയില തോട്ടത്തിൽ അരിക്കൊമ്പൻ എത്തിയത്. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ ജനവാസ മേഖലക്ക് അകത്തേക്ക് കടക്കാതെ തടഞ്ഞു. രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതിർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളിൽ ഉണ്ടെന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വനത്തിൽ നിന്നും പുറത്തിറങ്ങിയാൽ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വനത്തിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധ്യത കുറവാണെന്നാണ് വനംവകുപ്പ് പറയുന്നത്. മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവമായതിനാൽ നിരവധി പേർ ഇവിടേക്കെത്തും. അരിക്കൊമ്പൻ ഈ ഭാഗത്തേക്ക് വരാൻ സാധ്യയുള്ളതിനാൽ കൂടുതൽ വനപാലകരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തേക്ക് എത്തിയാൽ ആവശ്യമെങ്കിൽ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അരിക്കൊമ്പൻ ദൗത്യത്തിന് ശേഷം ചിന്നക്കനാലിൽ തുടർന്ന വിക്രം, സൂര്യൻ എന്നീ കുങ്കിയാനകളെ മുത്തങ്ങയിൽ തിരികെ എത്തിച്ചു. രണ്ട് ദിവസം മുമ്പ് സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെയും ആന ക്യാമ്പിൽ എത്തിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam