മുറിവിൽ ചെളി വാരിയെറിഞ്ഞ്, തുമ്പിക്കൈ കൊണ്ട് തലോടി അതിരപ്പിള്ളിയിലെ പരിക്കേറ്റ കൊമ്പൻ; വിദ​ഗ്ധസംഘം നാളെയെത്തും

Published : Feb 17, 2025, 08:32 PM ISTUpdated : Feb 17, 2025, 10:18 PM IST
മുറിവിൽ ചെളി വാരിയെറിഞ്ഞ്, തുമ്പിക്കൈ കൊണ്ട് തലോടി അതിരപ്പിള്ളിയിലെ പരിക്കേറ്റ കൊമ്പൻ; വിദ​ഗ്ധസംഘം നാളെയെത്തും

Synopsis

ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നാളെ പുലർച്ചെ എത്തും. ദൗത്യത്തിനായുള്ള മൂന്ന് കുങ്കിയാനകൾ അതിരപ്പിള്ളിയിൽ എത്തി.

തൃശ്ശൂർ: തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയുടെ ചികിത്സാ ദൗത്യം നീണ്ടേക്കും. ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നാളെ പുലർച്ചെ എത്തും. ദൗത്യത്തിനായുള്ള മൂന്ന് കുങ്കിയാനകൾ അതിരപ്പിള്ളിയിൽ എത്തി.

വെറ്റിലപ്പാറ, ഏഴാറ്റുമുഖം എണ്ണപ്പനത്തോട്ടത്തിൽ പുഴയോട് ചേർന്ന ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ് പരിക്കേറ്റ കൊമ്പൻ. മുറിവിലേക്ക് ചെളി വാരി എറിയുന്നുണ്ട്, തുമ്പിക്കൈ ചുഴറ്റി മുറിവിൽ തലോടുന്നു. ഭക്ഷണം കഴിക്കുന്നുണ്ട്, വെള്ളവും കുടിക്കുന്നുണ്ട്, എന്നാൽ ആനയുടെ ആരോഗ്യസ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. കൊമ്പൻ നിലയുറപ്പിച്ച സ്ഥലം ദൗത്യത്തിന് അനുയോജ്യമാണ്. 

രാവിലെ 10 മണിയോടെ വയനാട്ടിൽ നിന്നുള്ള കുങ്കിയാനകൾ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും വെറ്റിലപാറയിലെത്തിച്ചു. ഇന്നലെ എത്തിച്ച വിക്രത്തോടൊപ്പം മൂന്ന് കുങ്കികളെയും വെറ്റിലപ്പാറ അങ്കണവാടി പരിസരത്താണ് താൽക്കാലികമായി പാർപ്പിച്ചിരിക്കുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘം നാളെ പുലർച്ചയോടെ എത്തും. ആനയെ നിരീക്ഷിച്ചശേഷം മയക്കുവെടി വയ്ക്കുന്നതും ചികിത്സയും സംബന്ധിച്ചുള്ള നടപടികൾ തീരുമാനിക്കും. രണ്ടാം ദൗത്യത്തിന് പൂർണ്ണ സജ്ജമാണെന്നും നാളെ ഉച്ചയോടെ കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്‍റെ പണി പൂർത്തിയാക്കുമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി അറിയിച്ചു. 

പരിക്കേറ്റ കൊമ്പനായുള്ള ചികിത്സാ ദൗത്യം നീളുമെന്നാണ് സൂചന. കൂട് നിർമാണത്തിനായുള്ള കഴകൾ കണ്ടെത്തുന്നതിലെയും നിർമാണം പൂർത്തിയാക്കുന്നതിലുമുള്ള കാലതാമസമാണ് കാരണം. പരിക്കേറ്റ ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പുഴയോട് ചേർന്ന ജനവാസ മേഖലയിലേക്കാണ് ആനയുടെ ഇപ്പോഴത്തെ സഞ്ചാരപഥം. അനാരോഗ്യം കാരണമാണ് ആന കാടുകയറാത്തത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. ദൗത്യം പൂർത്തിയായാൽ ഉടൻ കുങ്കിയാനകളുടെ സഹായത്തോടെ പരിക്കേറ്റ കൊമ്പനെ അഭയാരണ്യത്തിൽ എത്തിക്കും.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം