
തൃശൂർ: മലക്കപ്പാറയിൽ ചാലക്കുടി തഹസിൽദാറുടെ വാഹനം കാട്ടാന ആക്രമിച്ചു. തഹസിൽദാർ കെ എ ജേക്കബിന്‍റെ വാഹനമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
മലക്കപ്പാറയിൽ വീരാൻകുടി ഉന്നതിയിലെ ജനങ്ങളുടെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലക്കപ്പാറയിൽ എത്തിയതായിരുന്നു. മടങ്ങും വഴിയാണ് തഹസിൽദാറുടെ വാഹനത്തെ കാട്ടാന ആക്രമിച്ചത്. വാഹനം പിന്നിൽ നിന്ന് എടുത്ത് ഉയർത്താൻ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടിമറഞ്ഞു.
പുലി ഭീതിയിലാണ് വീരാൻകുടി ഉന്നതിയിലെ ജനങ്ങൾ. നാലു വയസുകാരനെ പുലിയാക്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും വീരാന്‍കുടി ഉന്നതിയില്‍ പുലിയെത്തി. സംഭവം നടന്ന വെള്ളിയാഴ്ച വൈകീട്ട് നാല് തവണയാണ് പുലി ഉന്നതിയിലെത്തിയത്. ഷീറ്റിട്ട് മറച്ച ഷെഡുകളില്‍ താമസിക്കുന്ന ഇവിടെയുള്ളവർ കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് നേരം വെളുപ്പിച്ചത്. പുലിയുടെ സാന്നിധ്യമുള്ള സാഹചര്യത്തില്‍ ശനിയാഴ്ച കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനാണ് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി.
ഏഴ് വീട്ടുകാരാണ് ഈ ഉന്നതിയിലുള്ളത്. രണ്ട് കുടുംബങ്ങളെ കടമറ്റം ലയങ്ങളിലേക്ക് മാറ്റി. ബാക്കി അഞ്ച് കുടുംബങ്ങളെ മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിലേക്ക് താത്കാലികമായി മാറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും പുലി ഉന്നതിയിലെത്തി. രാത്രി ഏഴിനാണ് പുലിയെത്തിയത്. പുലിയെ ഓടിച്ചുവിട്ടെങ്കിലും പുലി വീണ്ടും വരുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍. മലക്കപ്പാറ വീരാന്‍കുടി ഉന്നതിയിലെ ബേബി - രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ചത്. വെള്ളി പുലര്‍ച്ചെ 2.45ഓടെയായിരുന്നു സംഭവം. പരുക്കേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam