
മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ഗുരുതര പരുക്കേറ്റു. വെള്ളച്ചാലില്‍ പോളി(50)നെയാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആന ആക്രമിച്ചത്. പാക്കം കുറുവാ ദ്വീപ് പാതയില്‍ വനമേഖലയില്‍ ചെറിയമല കവലയിലായിരുന്നു സംഭവം. പോളിനെ പരുക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉടൻ അടിയന്തശസ്ത്രക്രിയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറയുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്ക് ശേഷമേ മറ്റു കാര്യങ്ങള്‍ അറിയിക്കാനാവൂ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ആരോഗ്യ നില കണക്കിലെടുത്ത് മാറ്റുകയായിരുന്നു.