
മാനന്തവാടി: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. വയനാട് കാട്ടിക്കുളം പുളിമൂട്‍കുന്ന് മിച്ച ഭൂമിയിലെ 65 കാരനായ രാജുവാണ് മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ആർ ആർ ടി സംഘം ശ്രമിക്കുന്നതിനിടെ രാജു ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ യഥാസമയം സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ മുന്നിൽ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് തിരുനെല്ലി പഞ്ചായത്തിലെ പുളിമൂട് കുന്ന് മിച്ചർ ഭൂമിയിലെ താമസക്കാരനായ രാജുവിന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടയായിരുന്നു മരണം.
രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത് രണ്ടാമത്തെ ജീവൻ. ഇന്ന് കാലത്ത് പുളിമൂട് കുന്ന് ഭാഗത്ത് ആന ഇറങ്ങിയെന്ന വിവരത്തെ തുടർന്ന് ബേഗൂർ റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാനന്തവാടി ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി ആനയെ തുരത്താൻ നടപടി തുടങ്ങിയിരുന്നു. പുറത്തിറങ്ങാതിരിക്കാൻ ആളുകൾക്ക് അനൗൺസ്മെൻറ് ഉൾപ്പെടെ നൽകുകയും ചെയ്തു.
തുടർന്ന് ആനയെ തിരികെ കാട്ടിലേക്ക് കയറ്റുന്നതിന് ഇടയിൽ പുളിമൂട് കുന്ന് ഭാഗത്തെ മിച്ചഭൂമിയിലേക്ക് ആന കയറി. ഇവിടെ വച്ചാണ് രാജു ആനയ്ക്ക് മുന്നിൽ അകപ്പെട്ടത്. മിച്ച ഭൂമിയിലെ ഷെഡ്ഡിൽ രാജു ഒറ്റയ്ക്കായിരുന്നു താമസം. ഒരാളുടെ ജീവന്‍ നഷ്ടമായിട്ടും വകുപ്പ് മന്ത്രിയോ എംഎൽഎമാരോ ജില്ലാ കളക്ടറോ സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ 26നായിരുന്നു വയനാട് മേപ്പാടിയിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മഴ ശക്തമായ പിന്നാലെ ജില്ലയിലെ വനാതിരകളിലെങ്ങും ആനശല്യം രൂക്ഷമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam