തുമ്പിക്കൈയിലൊതുക്കി 'ഗണപതി'യെ കാട്ടാനകൾ കൊണ്ടുപോകും; കാട്ടിനുള്ളിൽ നിന്ന് പലതവണ തിരിച്ചെത്തിച്ച് ഗവി വാസികൾ

By Web TeamFirst Published Jul 16, 2022, 11:20 PM IST
Highlights

കാഴ്ചകൊണ്ടും കാലാവസ്ഥ കൊണ്ടും സഞ്ചാരികളെ ആകർഷിക്കുകയാണ് ഗവി. പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലെ കാനന ഗ്രാമം. ശ്രീലങ്കൻ വംശജരായ തോട്ടം തൊഴിലാളികളും ആദിവാസികളും കേരള വനം വികസന കോർപ്പറേഷൻ ജീവനക്കാരും മാത്രം താമസിക്കുന്ന ഇടം

പത്തനംതിട്ട: കാഴ്ചകൊണ്ടും കാലാവസ്ഥ കൊണ്ടും സഞ്ചാരികളെ ആകർഷിക്കുകയാണ് ഗവി. പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലെ കാനന ഗ്രാമം. ശ്രീലങ്കൻ വംശജരായ തോട്ടം തൊഴിലാളികളും ആദിവാസികളും കേരള വനം വികസന കോർപ്പറേഷൻ ജീവനക്കാരും മാത്രം താമസിക്കുന്ന ഇടം. കാടിനുള്ളിലായത് കൊണ്ടു തന്നെ വന്യ മൃഗങ്ങളുടെ സാന്നിധ്യം എടുത്ത് പറയേണ്ട ഒന്നല്ല. അതിന് പ്രസക്തിയും ഇല്ല. പക്ഷെ മുൻ കാലങ്ങളിലേക്കാൾ വന്യമൃഗ ശല്യം കൂടുകയാണ് ഗവിയിൽ.

തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് മുന്നിൽ നിരന്തരം ആന ശല്യം തീർക്കുന്നു. കാട്ടുപോത്തുകളും പന്നിയും മറ്റ് മൃഗങ്ങളും വേറെ. പക്ഷെ ഇപ്പോൾ ഗവി നിവാസികളെ വലയ്ക്കുന്നത് മറ്റൊന്നാണ്. വനത്തിനുള്ളിൽ ഗവിക്കാർക്കൊരു ക്ഷേത്രമുണ്ട്. കാടിനുള്ളിലെ ഗണപതി ക്ഷേത്രം. കല്ലിൽകൊത്തിയെടുത്തൊരു വിഗ്രഹമാണ് പ്രതിഷ്ഠ. ഏകദേശം 200 വർഷത്തോളം പഴക്കമാണ് ഇതിന് കണക്കാക്കുന്നത്. പണ്ട് ഗവിയിലെ അണക്കെട്ടുകൾ നി‍ർമ്മിക്കുന്നതിനും മുന്പ് മുതൽ ഇത് ഉണ്ടെന്നാണ് ഗവി നിവാസികൾ പറയുന്നത്.  അടുത്തിടെയായാണ് ക്ഷേത്രത്തിലേക്കും ആനകളുടെ ശല്യം തുടങ്ങിയത്. 

നിലവിൽ ക്ഷേത്രത്തിലെ വിഗ്രഹം എടുത്തുകൊണ്ട് പോകലാണ് ആനകളുടെ പ്രധാന പണി. ക്ഷേത്രത്തിലെത്തി ഗണപതി വിഗ്രഹം ആനകൾ തുമ്പിക്കൈയിലാക്കും. പിന്നീട് കാടിനുള്ളിൽ എവിടെയെങ്കിലും കൊണ്ടിടും. ഗവി നിവാസികൾ ആരാധനക്കെത്തുമ്പോൾ ഗണപതി വിഗ്രഹം കാണില്ല. പല തവണ ആളുകൾ കാടിനുള്ളിൽ നിന്ന് വിഗ്രഹം എടുത്തുകൊണ്ട് വന്ന് പുനസ്ഥാപിക്കും. പക്ഷെ ആനക്കൂട്ടം വീണ്ടും ഇത് തുടരും. കൊച്ചു പമ്പയിലെ മുത്തുമാരിയമ്മൻ കോവിലിലും ആനകളുടെ ശല്യമാണ്. 

Read more: അഭയാര്‍ത്ഥികളോ സ്വദേശികളോ; ഗവിയിലെ ശ്രീലങ്കന്‍ കുടിയേറ്റം

ഏറ്റവും ഒടുവിൽ രണ്ടാഴ്ച മുമ്പ് ആനക്കൂട്ടം അമ്പലത്തിന്റെ മേൽക്കൂരയും  ചുറ്റുമതിലും തകർത്തു. ഇവിടെ വിഗ്രഹം ഉള്ളിലായതിനാൽ അത് സുരക്ഷിതമായി. ഗവി നിവാസികൾ ആനകളെ കാണാത്ത ഒറ്റ ദിവസം പോലും ഇല്ല. ആനകൾ അവരുടെ ജിവിതത്തിന്റെ ഭാഗം തന്നെയാണ്. മനുഷ്യരെ ആന ആക്രമിച്ച സംഭവങ്ങളും ഗവിയിൽ കുറവാണ്. 

Read more:  ക്ഷേത്രത്തിലെ വി​ഗ്രഹത്തിൽ ചാർത്തിയ സ്വർണ നെക്ലസ് മോഷണം പോയി

കാടിന് പുറത്ത് നാട്ടിൽ ജനവാസ മേഖലകളിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾക്കും ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ആനകളെ ഉപയോഗിക്കാറുണ്ട്. ഇതുപോലെ തന്നെ കാടിനുള്ളിലെ ആചാരങ്ങളിലും ആനകളുണ്ട്. വർഷങ്ങൾക്ക് മുന്പ് ആദിവാസി വിഭാഗങ്ങളുടേതടക്കമുള്ള കാനന ആചാരങ്ങളിൽ കാട്ടാനകളെ ഉപയോഗിക്കാറുണ്ടായിരുന്നു. ഗവിയിലും ഇതേ രീതി പിന്തുടർന്നിരുന്നു. പക്ഷെ ഇപ്പോൾ ആനകളെ ഉപയോഗിക്കാൻ കഴിയാത്തതിന്റെ സങ്കടവുമുണ്ട് ആളുകൾക്കുണ്ട്.

click me!