
ആലപ്പുഴ: കഴിഞ്ഞ ആറു വർഷമായി കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുന്ന ചാരുംമൂട് മേഖലയിൽ കാട്ടുപോത്തും എത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ കെ പി റോഡിലെ പ്രസി സാനറ്റോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്താണ് യാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്. കാറിൽ ചെട്ടികുളങ്ങര അമ്പലത്തിലേക്ക് പോകുകയായിരുന്ന ഫോട്ടോഗ്രാഫർമാരായ ഷാജി ഡേലൈറ്റും സന്തോഷ് ഫോട്ടോ വേൾഡും ചേർന്നാണ് ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. വാഹനം അടുത്തെത്തിയതോടെ കാട്ടുപോത്ത് ടെലിഫോൺ എക്സ്ചേഞ്ചിന് കിഴക്കുവശത്ത് അതിരില്ലാത്ത കാടുപിടിച്ച പറമ്പിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു.
കാട്ടുപോത്തിനെ കണ്ട വാർത്ത പരന്നതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തഗം വിവരം അറിയിച്ചതിനെത്തുടർന്ന് എംഎസ് അരുൺ കുമാർ എംഎല്‍എ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് റാന്നിയിൽ നിന്നുള്ള വനംവകുപ്പ് സംഘം അതിവേഗം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. എന്നാൽ സ്ഥലത്തെ കാല്പാടുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. റാന്നി റേഞ്ച് ഓഫിസര്‍ ബി ആർ ജയൻ, സോഷ്യൽ ഫോറസ്ട്രി ചെങ്ങന്നൂർ റേഞ്ച് ഓഫിസര്‍ പി കെ രാജേഷ്, ഡെപ്യൂട്ടി റേഞ്ചർ ജോസ്, റാന്നി കരികുളം ഡിവിഷനിലെ റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam