
ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മത്സരത്തിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറഞ്ഞു. വാക്കു കൊണ്ട് പോലും അദ്ദേഹം നോവിച്ചില്ല. തരൂരിനോട് ഒരു ശത്രുതയും ഇല്ല എന്നും സുധാകരൻ വ്യക്തമാക്കി. തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകും എന്നാണ് വിശ്വാസം എന്നും കെ.സുധാകരൻ പറഞ്ഞു. അത് നേതൃത്വത്തോട് ആവശ്യപ്പെടും. പാർട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവർ ഞെട്ടിയിരിക്കുകയാണെന്നും കെ.സുധാകരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നടന്നാൽ ഒരാൾ ജയിക്കും ഒരാൾ ജയിക്കും. അത് സ്വാഭാവികമാണ്. ഖാർഗെ ജയിച്ചതിലും തരൂർ തോറ്റതിലും ഞങ്ങൾക്ക് സന്തോഷമോ ദുഃഖമോ ഇല്ല. സന്തോഷം ഉള്ളത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതിലാണ്. വർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ ഒരോരുത്തരും എന്ന് കെ.സുധാകരൻ പറഞ്ഞു.
'കോൺഗ്രസ് ഒരു വലിയ ആൽമരം, തരൂരിന് ഈ ആൽമരച്ചുവട്ടിൽ ഒരു ഇടം ഉണ്ടാകണം'
കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഖർഗേക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് വിശ്വസിക്കുന്നുവെന്നും ശബരീനാഥൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam