'ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസിന് പാര'; തൃക്കാക്കര സ്ഥാനാർത്ഥിയെ പിൻവലിക്കുമോയെന്ന് എം വി ജയരാജന്‍

Published : May 15, 2022, 05:07 PM IST
'ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസിന് പാര'; തൃക്കാക്കര സ്ഥാനാർത്ഥിയെ പിൻവലിക്കുമോയെന്ന് എം വി ജയരാജന്‍

Synopsis

യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്.

കണ്ണൂര്‍: കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.

യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്. കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെ പി സി സി ക്ക് ആവുന്നില്ലെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തോമസിനോടൊപ്പം കോൺഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു.

ഇപ്പോൾ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയർത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തൻ ശിബിരത്തിലെ ബന്ധുക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്ന നിർദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെപിസിസി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. അവർ വികസനത്തോടൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തെളിഞ്ഞു കൊണ്ടിരിക്കയാണ്.

തൃക്കാക്കരയിലെ വോട്ടർമാർ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോൾ എഐസിസിയും അതേ നിലപാട് സ്വീകരിക്കുക വഴി കെപിസിസി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. ചിന്തന്‍ ശിബിരത്തിലെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിക്കുമോയെന്നും ജയരാജന്‍ ചോദിച്ചു. അതേസമയം, കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഉദയ്പൂരിൽ നടന്നുവന്ന ചിന്തൻ ശിബിരത്തിന് ഇന്നാണ് സമാപനം കുറിച്ചത്.പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചർച്ചയായ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്.  

* ഒരു കുടുംബത്തിന് ഒരു സീറ്റ്

* അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം

* ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം

* ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി; പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും

* പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി

* ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ കമ്മിറ്റി നിലവിൽ വരും

* കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം

* യുവാക്കൾക്ക് കൂടുതൽ അവസരം നൽകും

* ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും

* മുതിർന്നവരെ മാറ്റിനിർത്തില്ല

* 50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം

* ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'