
തിരുവനന്തപുരം: കെ- റെയിൽ ( K rail) അതിര് കല്ലിടലിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ആഞ്ഞടിക്കുന്നതിനിടെ പ്രതിപക്ഷത്തെയും സമരം ചെയ്യുന്ന ജനങ്ങളെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). കെ റെയിലിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പ്രതികരിച്ചു.
''എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു. കെ-റെയിൽ സർവ്വേ, ഡിപിആർ, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ളതാണ്. ഭൂമി നഷ്ടമാകുന്ന ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല''. ഓരോ വ്യക്തിക്കും അർഹതപ്പെട്ട നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൂ എന്നും കോടിയേരി ആവർത്തിച്ചു.
സിൽവർ ലൈൻ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് സിപിഎം. രണ്ടാം വിമോചന സമരത്തിനാണ് പ്രതിപക്ഷം കോപ്പ് കൂട്ടുന്നതെന്ന ആരോപണം നേരത്തെ കോടിയേരി ഉന്നയിച്ചിരുന്നു. ചങ്ങനാശ്ശേരി കേന്ദ്രമാക്കിയാണ് വീണ്ടുമൊരു വിമോചന സമരത്തിനുള്ള ആലോചന നടക്കുന്നതെന്നാരോപിച്ച അദ്ദേഹം, 1957- 59 കാലമല്ല ഇതെന്നും ഓർമ്മിപ്പിക്കുന്നു.
കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് കെ റെയിൽ കല്ലിടില്ല; കോട്ടയത്ത് പ്രതിഷേധം, വൻ പൊലീസ് സന്നാഹം
സമരത്തിനെതിരെ മുൻ മന്ത്രി എകെ ബാലനും രംഗത്തെത്തി. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്‍റെ സമീപനമെന്ന് എ കെ ബാലൻ വിമർശിച്ചു.വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു.കെ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിക്കും. അതിന് ശേഷവും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് മാറ്റാനുള്ള നടപടികളെടുക്കും. അലൈൻമെന്റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കുമെന്നും ബാലൻ പറഞ്ഞു.